ചേർത്തുനിർത്തി ശോഭന, വിലമതിക്കാനാവാത്തതെന്ന് മഞ്ജു വാര്യർ; മികച്ച ചിത്രമെന്ന് സോഷ്യൽ മീഡിയയും

January 31, 2022

മലയാളത്തിന്റെ എക്കാലത്തെയും ഇഷ്ടതാരങ്ങളാണ് ശോഭനയും മഞ്ജു വാര്യരും. ഒരു കാലത്ത് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളുമായി സജീവ സാന്നിധ്യമായിരുന്ന ഇരുവരും കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ശോഭന തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ ഇടങ്ങളിൽ സജീവ സാന്നിധ്യമാണ് ശോഭന. ഇപ്പോഴിതാ മഞ്ജുവിനൊപ്പമുള്ള താരത്തിന്റെ ചിത്രത്തെയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് ചിത്രം ശോഭന പോസ്റ്റ് ചെയ്തത്. പിന്നാലെ വിലമതിക്കാനാവാത്തത് എന്ന ക്യാപ്‌ഷനോടെ മഞ്ജു വാര്യരും ചിത്രം പങ്കുവെച്ചു. സൂപ്പര്‍സ്റ്റാറുകള്‍, ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, പ്രിയപ്പെട്ട ചിത്രം, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ തുടങ്ങി സ്നേഹം നിറഞ്ഞ കമന്റുകളോടെ നിരവധിപ്പേരും ചിത്രത്തെ സ്വീകരിച്ചു.

Read also: ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം താരം എത്തിയ ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സിനിമ വിശേഷങ്ങൾക്കൊപ്പം നൃത്ത വിഡിയോകൾ പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പ്രേക്ഷകരോട് ഇപ്പോഴും ചേർന്നുനിൽക്കുന്നുണ്ട്. അതേസമയം അടുത്തിടെ തനിക്ക് ഒമിക്രോൺ ബാധിച്ച വിവരവും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.

Story highlights: shobana share photo with manju warrier