സംഗീതാസ്വാദകർക്ക് പുതുവർഷ സമ്മാനമായി രാജമൗലി ചിത്രത്തിലെ ഗാനം; ആർആർആർ ജനുവരി 7 മുതൽ
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്നതാണ് രാജമൗലി സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിഞ്ഞതുമുതൽ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
ഈ വർഷം ജനുവരി 7 മുതൽ കാഴ്ചക്കാരിലേക്ക് എത്തുന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ ആരാധകരിൽ ആവേശം നിറയ്ക്കുന്നത്. പുതുവർഷ സമ്മാനമായി ആസ്വാദകരിലേക്കെത്തിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘രാമം രാഘവം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സംസ്കൃതത്തിലാണ് ഒരുക്കിയിരിക്കുന്നത്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read also; ജോൺ കാറ്റാടിയായി മോഹൻലാൽ, മകനായി പൃഥ്വിരാജ് സുകുമാരനും; ‘ബ്രോ ഡാഡി’ ടീസർ എത്തി
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.
ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു.