ലോകോത്തര ക്ലാസിക് സിനിമയുമായി താരതമ്യം; ‘ഭൂതകാലം’ ഏറ്റവും മികച്ച റിയലിസ്റ്റിക് ഹൊറർ സിനിമയെന്ന് രാം ഗോപാൽ വർമ്മ
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണവും നിരൂപകപ്രശംസയും നേടി മുന്നേറുകയാണ് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ റിലീസ് ചെയ്ത ‘ഭൂതകാലം.’ ഒരു ഹൊറർ സിനിമയായി ഒരുങ്ങിയ ചിത്രത്തിൽ ഷെയിൻ നിഗവും രേവതിയും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള നിരവധി സിനിമാപ്രവർത്തകർ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു. ഇപ്പോൾ ‘കമ്പനി’, ‘സർക്കാർ രാജ്’, തുടങ്ങിയ ഹിന്ദി സിനിമകളുടെ സംവിധായകനായ രാം ഗോപാൽ വർമ്മയാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുന്നത്.
‘ഭൂതകാലം’ താൻ കണ്ട ഏറ്റവും മികച്ച ഹൊറർ സിനിമയാണെന്നാണ് രാം ഗോപാൽ വർമ ട്വിറ്ററിൽ കുറിച്ചത്. ഒരുപക്ഷ 1973-ൽ റിലീസ് ചെയ്ത ക്ലാസിക് ഹൊറർ ചിത്രമായ ‘എക്സോര്‍സിസ്റ്റ്’ന് ശേഷം താൻ കണ്ട ഏറ്റവും മികച്ച റിയലിസ്റ്റിക് ഹൊറർ ചിത്രമായിരിക്കും ‘ഭൂതകാലം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എക്സോര്‍സിസ്റ്റ് എന്ന ചിത്രത്തിന് ശേഷം ഭൂതകാലമല്ലാതെ ഇത്രയും റിയലിസ്റ്റിക്കായൊരു ഹൊറര്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. സിനിമയില്‍ ഉടനീളം ആ അന്തരീക്ഷം നിലനിര്ത്താനായതിന് സംവിധായകന് രാഹുല്‍ ശിവദാസിന് അഭിനന്ദനം. ഒപ്പം നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനും അഭിനന്ദം അറിയിക്കുന്നു. ഷെയിന്‍ നിഗവും രേവതിയും അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്” – രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
Read More: ഗ്രാമത്തിലെ കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി തന്റെ സമ്പാദ്യം മുഴുവൻ വിറ്റ ഒരു മുത്തശ്ശി
മാനസിക പിരിമുറുക്കം നേരിടുന്ന ഒരമ്മയും മകനും ജീവിക്കുന്ന വീട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെയിൻ നിഗവും രേവതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസുമാണ് ചിത്രത്തിന്റെ തിരക്കഥ. ഷെയിൻ നിഗത്തിനും രേവതിക്കുമൊപ്പം സൈജു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
Story Highlights: Ram Gopal Varma has high praise for ‘Bhoothakaalam’