കോഹ്‌ലിക്ക് ഇപ്പോൾ ഇടവേള ആവശ്യമെന്ന് രവി ശാസ്ത്രി; തിരിച്ചുവരവ് രാജകീയമാവും
കോഹ്ലിക്കിപ്പോൾ വിശ്രമം ആവശ്യമാണെന്ന് ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. തുടർച്ചയായ മത്സരങ്ങളിൽ നിന്ന് കോഹ്‌ലി ഒരിടവേള എടുക്കുന്നത് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ക്രിക്കറ്റ് ജീവിതത്തിൽ വളരെ നിർണായകമായിരിക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
രണ്ടോ മൂന്നോ മാസം പുറത്തിരിക്കുന്നതും ഇന്ത്യൻ ടീമിന്റെ പരമ്പരകളിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുക്കുന്നതും കോഹ്‌ലിക്ക് സഹായകരമാവുമെന്നാണ് താൻ കരുതുന്നതെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. തിരിച്ചു വരവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തിളങ്ങാൻ കോഹ്‌ലിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തനിക്ക് 33 വയസ്സുണ്ടെന്ന് അവൻ മനസ്സിലാക്കണം, അഞ്ച് വർഷത്തെ നല്ല ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് കോഹ്ലി അറിയണം. കോഹ്ലിക്ക് ശാന്തനാകാൻ കഴിയുമെങ്കിൽ, അവന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒരു സമയം ഒരു ഗെയിം എടുക്കുക, ഒരുപക്ഷേ ഗെയിമിൽ നിന്നും ഒരു ഇടവേള എടുക്കുക. തിരികെ വന്ന് ആ മൂന്ന് നാല് വർഷം രാജാവായി, സമ്പൂർണ്ണ രാജാവായി കളിക്കാൻ കോഹ്ലിക്ക് ആകും. അദ്ദേഹത്തിന് മാനസികമായി എവിടെയാണെന്ന് അറിയാനും അവന്റെ ജോലിയും റോളും എന്താണെന്ന് കൃത്യമായി അറിയാനും സാധിക്കും. തുടർന്ന് ഒരു ടീം കളിക്കാരനായി കോഹ്ലിക്ക് കളിക്കാൻ ആകും, അവിടെയാണ് ഞാൻ ഇപ്പോൾ വിരാട് കോഹ്‌ലിയെ കാണാൻ ആഗ്രഹിക്കുന്നത്.” രവി ശാസ്ത്രി പറഞ്ഞു.
Read More: ‘നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് നന്ദി’; ബിസിസിയ്ക്കും ഇന്ത്യൻ ടീമിനും നന്ദി പറഞ്ഞ് ഗ്രയാം സ്മിത്ത്
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിരാട് കോഹ്‌ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ട്വിറ്റെർ, ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിലൂടെയാണ് കോഹ്‌ലി അപ്രതീക്ഷിതമായി ആരാധകരെ വിരമിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്. സൗത്ത് ആഫ്രിക്കയുമായി നടന്ന ടെസ്റ്റ് സീരീസ് ഇന്ത്യ 2-1 ന് പരാജയപ്പെട്ടതിന് ശേഷമാണ് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
Story Highlights: Ravi Shastri says Kohli needs a break