കാത്തിരിപ്പ് തുടരും; രാജമൗലിയുടെ ആർആർആർ റിലീസ് വീണ്ടും മാറ്റി

January 1, 2022

സിനിമ ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർ ആർ ആറിന്റെ റിലീസ് മാറ്റി. രാജ്യത്ത് ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഷാഹിദ് കപൂർ നായകനാകുന്ന ജേഴ്‌സി എന്ന ചിത്രത്തിന്റെ റിലീസും മാറ്റിയിരുന്നു.

അതേസമയം പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്നതാണ് രാജമൗലി സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്നതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.

Read also: ഉലകനായകനൊപ്പം തമിഴകത്തിന്റെ സൂപ്പർതാരങ്ങളും; വേദിയെ അതിശയിപ്പിച്ച് സ്പോട്ട് പുലികൾ, വിഡിയോ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Story highlights: RRR release post poned