‘ഋഷഭ് പന്ത് ടെസ്റ്റ് ക്യാപ്റ്റൻ ആവണം’; സുനിൽ ഗവാസ്കർ

January 18, 2022

ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനം അപ്രതീക്ഷിതമായാണ് ശനിയാഴ്ച വൈകുന്നേരം പുറത്ത് വന്നത്. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് സീരീസ് തോൽവിക്ക് ശേഷമായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം. കോഹ്‌ലിയുടെ പിൻഗാമി ആരായിരിക്കും എന്നുള്ള ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഗവാസ്‌കറിന്റെ അഭിപ്രായം ശ്രദ്ധേയമാവുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്നാണ് സുനിൽ ഗാവസ്‌കർ അഭിപ്രായപ്പെടുന്നത്.

ടെസ്റ്റ് ക്യാപ്റ്റനെന്ന ഉത്തരവാദിത്തം പന്തിനെ എല്ലാ ഫോർമാറ്റുകളിലും കുറച്ചുകൂടി മികച്ച ക്രിക്കറ്റെറാക്കുമെന്നാണ് ഗവാസ്‌കർ പറയുന്നത്. ‘എല്ലാ ഫോർമാറ്റുകളിലും മികവ് പുലർത്തുന്ന ഒരാളാവണം അടുത്ത ക്യാപ്റ്റൻ. എന്നോട് ചോദിച്ചാൽ അടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താവണമെന്നാണ് എന്റെ അഭിപ്രായം. റിക്കി പോണ്ടിങിന് ശേഷം രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായത് ഉദാഹരണമായിട്ടെടുക്കുക. ക്യാപ്റ്റന്റെ ഉത്തരവാദിത്തം വന്നതിന് ശേഷം രോഹിത്തിന്റെ ബാറ്റിംഗ് എത്രയോ മെച്ചപ്പെട്ടു. 30 ഉം 40 ഉം റൺസെടുത്തിരുന്ന രോഹിത് തുടർച്ചയായി 100 ഉം 150 ഉം 200 ഉം റൺസെടുത്ത് തുടങ്ങി. അങ്ങനെ ഒരുത്തരവാദിത്തം പന്തിനെ കൂടുതൽ സെഞ്ചുറികളിലേക്ക് എത്തിക്കും.”

Read More: ധോണിക്കും രവി ശാസ്ത്രിക്കും നന്ദി; ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി

ഇരുപത്തൊന്നാം വയസ്സിൽ ക്യാപ്റ്റനായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഉദാഹരണവും ഗാവസ്‌കർ എടുത്തുകാട്ടി. വളരെ ചെറിയ പ്രായത്തിൽ ക്യാപ്റ്റനായ അദ്ദേഹത്തെ ആ ഉത്തരവാദിത്തം വളരെ മികച്ചൊരു ക്രിക്കറ്റെറാക്കി മാറ്റി. ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിവ് പന്തിനുണ്ടെന്നും ഗാവസ്‌കർ അഭിപ്രായപ്പെട്ടു.

നിലവിൽ ഏകദിന ക്യാപ്റ്റനായ രോഹിത് ശർമക്കാണ് ടെസ്റ്റ് ക്യാപ്റ്റനാവാൻ കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. നേരത്തെ അജിൻക്യ രഹാനെയെ നീക്കി രോഹിതിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു.

Story Highlights: Rishabh Panth should be the next Test Captain according to Sunil Gavaskar