‘മേപ്പടിയാന്റെ’ നിർമാണം കൂടുതൽ സ്വാതന്ത്ര്യം നൽകിയെന്ന് നടൻ ഉണ്ണി മുകുന്ദൻ; അടുത്തത് ‘ബ്രൂസ് ലീ’
നടൻ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയാണ് ജനുവരി 14 ന് തീയേറ്ററുകളിലെത്തിയ ‘മേപ്പടിയാൻ.’ മികച്ച പ്രേക്ഷകപ്രതികരണവുമായി മുന്നേറുന്ന ചിത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘മേപ്പടിയാൻ’ നിർമിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്ത സാഹചര്യം വ്യക്തമാക്കുകയാണ് ഉണ്ണി.
“നിർമാണം വലിയ രീതിയിലുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സിനിമ രൂപപ്പെടുന്ന പ്രക്രിയയിൽ ക്രിയാത്മകമായി ഇടപെടാനുള്ള സ്വാതന്ത്ര്യം തന്നെയാണ് അതിൽ ഏറ്റവും പ്രധാനം. 5 വർഷം മുൻപേ തന്നെ ഞാൻ നിർമാണത്തിലേക്കെത്തേണ്ടതായിരുന്നു. പക്ഷെ എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ടല്ലോ. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്. ഞാൻ തന്നെ സിനിമ നിർമിച്ചത് കൊണ്ട് ഇതെനിക്ക് കൂടുതൽ സംതൃപ്തി നൽകിയതായാണ് എനിക്ക് തോന്നിയത്. നിർമാണം തലവേദന പിടിച്ച പണിയാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ നന്നായി തയ്യാറെടുത്തിരുന്നതിനാൽ എന്റെ അനുഭവം അങ്ങനെയായിരുന്നില്ല. ‘മേപ്പടിയാൻ’ എന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരിക്കും.” ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി പറഞ്ഞു.
Read More: ജയകൃഷ്ണനായി ഉണ്ണി മുകുന്ദൻ; ശ്രദ്ധനേടി ‘മേപ്പടിയാൻ’ ടീസർ
ഒരു കുടുംബചിത്രമാണെങ്കിലും യുവാക്കൾക്കും ഏറെ ഇഷ്ടപെടുന്ന സിനിമയായിരിക്കും മേപ്പടിയാനെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ഒരു നടനെന്ന നിലയിൽ തന്നെ ഏറെ ആകർഷിച്ച തിരക്കഥയാണ് മേപ്പടിയാന്റേതെന്നും ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ കഥാപാത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ മേക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഉണ്ണി മുകുന്ദന്റെ നിർമാണത്തിലൊരുങ്ങുന്ന അടുത്ത ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ.’ 25 കോടിയോളം മുതൽമുടക്കിലൊരുങ്ങുന്ന ‘ബ്രൂസ് ലീ’ ഒരു മാസ്സ് ആക്ഷൻ സിനിമയാണ്. ഉദയകൃഷ്ണയാണ് മല്ലു സിങ്ങിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും ഒരുമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
Story Highlights: Unni Mukundan on producing Meppadiyan