മരക്കാറിന് വേണ്ടി ആക്ഷൻ രംഗങ്ങൾ പരിശീലിക്കുന്ന മോഹൻലാൽ; ശ്രദ്ധനേടി വിഡിയോ

January 7, 2022

മലയാളക്കരയിൽ ആവേശം സൃഷ്ടിച്ചുകൊണ്ട് പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രേക്ഷകരിലേക്കെത്തിയത് പിന്നാലെ ചിത്രത്തിന്റെ മേക്കിങ് വിഡിയോയും ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങളുമടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ പരിശീലനങ്ങളുടെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷന്‍ കൊറിയോഗ്രഫര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിഷ്‍പ്രയാസം ചുവടുകള്‍ വെക്കുന്ന മോഹന്‍ലാലിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതം പറഞ്ഞ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. കുഞ്ഞാലി മരക്കാർ നാലാമന്റെ ബാല്യത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. എങ്ങനെയാണ് ഒരു സാധാരണ യുവാവ് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയായും പാവങ്ങൾക്ക് ദൈവമായും ശത്രുക്കൾക്ക് കടൽകൊള്ളക്കാരനായും മാറിയതെന്ന് എന്നതിന് ഉത്തരം ചിത്രം നൽകുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യമെങ്കിലും വൈകാരികതയ്ക്ക് ചിത്രത്തിൽ വളരെയേറെ സ്ഥാനമുണ്ട്. ഓരോ പ്രതിസന്ധികളെയും ധീരമായി പോരാടിയ പോരാളിയെയും ചതിയിൽ കാലിടറുന്ന മരക്കാരെയും ചിത്രത്തിൽ കാണാൻ സാധിക്കും.

Read also: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഒരു ലക്ഷം കടന്ന് പ്രതിദിന കണക്ക്

ചിത്രത്തിൽ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. 

story highlights: Unseen Visuals Of Marakkar video