പ്രണയവും സൗഹൃദവും പറഞ്ഞ് പ്രണവ്, ‘ഹൃദയം’ കവർന്ന് ട്രെയ്‌ലർ

January 20, 2022

കോളജ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാട്ടുകൾക്ക് പ്രാധാന്യം നല്കികൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ഹൃദയം. ചിത്രം പ്രേക്ഷകരിലേക്കെത്താൻ തുടങ്ങുമ്പോൾ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലർ. പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകികൊണ്ട് ഒരുങ്ങുന്ന ചിത്രമാണെന്ന് സൂചന നൽകിക്കൊണ്ടാണ് ട്രെയ്‌ലർ കാഴ്ചക്കാരിലേക്കെത്തുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ട്രെയ്‌ലറിലെയും മുഖ്യാകർഷണം.

പാട്ടുകളാൽ സമ്പന്നമായ ചിത്രത്തിലെതായി പുറത്തുവന്ന ഓരോ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ കോർത്തിണക്കിയ ഓഡിയോ ജ്യൂക്ക്ബോക്സ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പാട്ട് പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദർശന എന്ന ഗാനവും ഇതിനൊപ്പം പുറത്തുവന്ന പൃഥ്വിരാജ് പാടിയ ഗാനവും അടക്കം ഏഴ് പാട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഓഡിയോ ജ്യൂക്ക്ബോക്സ് റിലീസ് ചെയ്തത്.

Read also:ലോക്ക്ഡൗണിൽ കൃഷിയിടമായി മാറിയ സ്കൂൾ, ഇന്ന് കൃഷിനോക്കി നടത്താൻ വിദ്യാർത്ഥികളും

പ്രണവ് മോഹൻലാൽ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഹൃദയം. പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു റൊമാന്റിക് ചിത്രമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിയേറ്ററുകളിൽ തന്നെയാണ് ഹൃദയം പ്രദർശനത്തിന് എത്തുന്നത്.

അതേസമയം സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിൽ വന്ന വാർത്തകൾക്കെതിരെ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. സിനിമ റിലീസ് നിശ്ചയിച്ച പ്രകാരം ജനുവരി 21 ന് തിയേറ്ററിൽ എത്തുമെന്നാണ് വിനീത് അറിയിച്ചത്.

Story highlights; Vineeth Sreenivasan Hridayam Movie Trailer