അന്നത്തെ ആ അമ്മയെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു; പൂക്കൾ നീട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ, ഹൃദയംതൊട്ട വിഡിയോ

January 14, 2022

സിനിമ വിശേഷങ്ങൾപോലെത്തന്നെ ചലച്ചിത്രതാരങ്ങളുടെ കുടുംബവിശേഷങ്ങളും അവർ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കുന്ന രസകരമായ ചിത്രങ്ങളും വിഡിയോകളുമൊക്കെ ഏറ്റെടുക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ യുവതാരം വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച ഒരു വിഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. വിഷ്ണു മുഖ്യകഥാപാത്രമായ കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്ന ചിത്രത്തിലെ പാട്ട് രംഗത്തിൽ പ്രത്യക്ഷപ്പെട്ട ഒരു അമ്മയെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴുള്ള വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം മരതകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് അതെ സ്ത്രീയെ വീണ്ടും കണ്ടുമുട്ടിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ ‘അഴകേ അഴകേ..’ എന്ന ഗാനരംഗത്തിലാണ് ഈ സ്ത്രീ പ്രത്യക്ഷപ്പെടുന്നത്. പാട്ടിനിടയിൽ വിഷ്ണു നായികയ്ക്ക് പൂക്കുട നീട്ടുമ്പോൾ അതുവാങ്ങിക്കുന്നത് നായികയുടെ പിന്നാലെ വരുന്ന ഈ അമ്മയാണ്. അതെ അമ്മയെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് വിഷ്ണു വീണ്ടും കണ്ടുമുട്ടുന്നത്. ഉടൻ തന്നെ ആ അമ്മയ്ക്ക് വീണ്ടും പൂക്കൾ നീട്ടുകയാണ് താരം. ഇരു രംഗങ്ങളും ഒന്നിച്ചുള്ള വിഡിയോ വിഷ്ണു തന്നെയാണ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചതും. അതേസമയം ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ അമ്മയുടെ നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read also: ഹൃദയം കവർന്ന് മോഹൻലാലും പൃഥ്വിയും; ദീപക് ദേവിന്റെ സംഗീതത്തിൽ ‘ബ്രോ ഡാഡി’യിലെ ആദ്യ ഗാനം

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച വിഷ്ണു ഉണ്ണികൃഷ്‌ണൻ. ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.

Story highlights: vishnu unnikrishnan shares throwback video