നിറത്തെ പ്രണയിച്ച പെൺകുട്ടി; വിവാഹം വരെയെത്തിയ പിങ്ക് പ്രണയം

January 7, 2022

ഒരു നിറത്തോട് കൂടുതൽ ഇഷ്ടവും താത്പര്യവും തോന്നുക സർവ്വസാധാരണമാണ്. ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. എന്നാൽ ഒരു നിറത്തെ മറ്റെന്തിനേക്കാളും കൂടുതലായി സ്നേഹിച്ച് ഒടുവിൽ ആ നിറത്തെ വിവാഹം ചെയ്ത ഒരു പെൺകുട്ടിയാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. പക്ഷെ സംഭവം ഇവിടെയൊന്നുമല്ല അങ്ങ് ലാസ് വേഗാസിലാണ്.

കിറ്റൻ കേ സെറ എന്ന യുവതിയാണ് തന്റെ 40 വർഷം നീണ്ട് നിന്ന പിങ്ക് പ്രണയത്തിന് ശേഷം കഴിഞ്ഞ ജനുവരി ഒന്ന് പുതുവത്സര ദിനത്തിൽ പിങ്ക് നിറത്തെ വിവാഹം ചെയ്തത്. കേൾക്കുമ്പോൾ കുറച്ച് വിചിത്രം എന്ന് തോന്നുമെങ്കിലും സംഗതി രസകരമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സെറയ്ക്ക് പിങ്ക് നിറം വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കുന്ന എന്തിലും കുറച്ച് പിങ്ക് മയം ഉണ്ടായിരിക്കും. അങ്ങനെ ഒരിക്കൽ പിങ്ക് നിറം ധരിച്ച സെറയോട് ‘ഈ നിറത്തെ നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടേയെന്ന്’ ഒരു കുട്ടി ചോദിച്ചു. ‘ആദ്യം അത് തമാശയായി തോന്നിയെങ്കിലും പിന്നീട് അത് യാഥാർഥ്യമാകുകയായിരുന്നു’- എന്നാണ് സെറ പറയുന്നത്.

Read also: 2022 ന്റെ ട്രെൻഡാകാൻ വെരി പെരി; അറിയാം പുതുവർഷത്തിലെ പുതുനിറത്തെക്കുറിച്ച്

അങ്ങനെ പുതുവത്സര ദിനം തന്നെ ഇതിനായി സെറ തിരഞ്ഞെടുത്തു. തുടർന്ന് വിവാഹത്തിനായി പിങ്ക് വസ്ത്രവും പിങ്ക് ആഭരണങ്ങളും ധരിച്ച് സെറ എത്തി. പിങ്കിന്റെ അഞ്ച് വ്യത്യസ്ത ഷേഡുകളാണ് വിവാഹദിനത്തിൽ സെറ ഉപയോഗിച്ചത്. അടിമുടി പിങ്കിൽ കുളിച്ചെത്തിയ വധുവിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നതും ഈ ദിനത്തെ കൂടുതൽ വർണാഭമാക്കി.

Story highlights: woman marries pink colour