‘പട’വെട്ടാൻ ഒരുങ്ങി അരവിന്ദൻ മണ്ണൂരും രാകേഷ് കാഞ്ഞങ്ങാടും; ജോജു ജോർജ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം

February 4, 2022

മലയാളികളുടെ പ്രിയതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാകേഷ് കാഞ്ഞങ്ങാട് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ അവതരിപ്പിക്കുന്നത്, അരവിന്ദൻ മണ്ണൂരായാണ് ജോജു സിനിമയിൽ വേഷമിടുന്നത്. അതേസമയം നായാട്ടാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ടിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഇരുവരും അഭിനയിച്ചത്.

പടയിൽ കുഞ്ചാക്കോയ്ക്കും ജോജുവിനും പുറമെ വിനായകൻ, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നുണ്ട്. റിലീസിനൊരുങ്ങുന്ന ചിത്രം ഫെബ്രുവരിയിലാണ് പ്രേക്ഷകരിലേക്കെത്തുക. മുകേഷ് ആർ മെഹ്ത, എവി അനൂപ്, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read also: ഇത് ഉണ്ണി മുകുന്ദൻ അല്ലെന്ന് ആരാ പറഞ്ഞത്; ആ വരവും നോട്ടവും മാത്രമല്ല ശബ്ദത്തിലും ഉണ്ണി മുകുന്ദൻ തന്നെ, വൈറൽ പെർഫോമൻസ്

1996-ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം കുഞ്ചാക്കോ ബോബന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഭീമന്റെ വഴിയാണ്. ജോജു മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് മധുരം എന്ന ചിത്രത്തിലാണ്. മികച്ച സ്വീകാര്യതയാണ് ഇരുചിത്രങ്ങൾക്കും ലഭിച്ചത്.

Story highlights: After nayattu Kunchakko and Joju Joins for Pada