അധ്യാപികയായി ഐശ്വര്യ ലക്ഷ്മി; ‘അർച്ചന 31 നോട്ടൗട്ട്’ പ്രേക്ഷകരിലേക്ക്

February 11, 2022

മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി മുഖ്യകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ടൗട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണ് അർച്ചന 31 നോട്ട്ഔട്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മുതൽ തിയേറ്റർ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയ്ക്ക് പുറമെ ഇന്ദ്രൻസ്, രമേശ് പിഷാരടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു.

Read also: ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യയുടെ വാനമ്പാടിക്കായി തെളിഞ്ഞ ആദരാഞ്ജലി; വിഡിയോ

അതേസമയം ടൊവിനോ തോമസിനും സുരാജ് വെഞ്ഞാറന്മൂടിനുമൊപ്പം അഭിനയിച്ച കാണെക്കാണെ ആണ് ഐശ്വര്യയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ എത്തിയ മലയാളം ചിത്രം. മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിൽ ഗർഭിണിയായ യുവതിയായാണ് ഐശ്വര്യ അഭിനയിച്ചത്. മികച്ച സ്വീകാര്യതയാണ് സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രത്തിന് ലഭിച്ചതും. അതിന് പുറമെ അടുത്തിടെ പുറത്തുവന്ന ഒരു ആന്തോളജി ചിത്രത്തിലും ഐശ്വര്യ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Story highlights: Aishwarya Lekshmi film ‘Archana 31 Not Out’ release