ആക്ഷൻ രംഗങ്ങളുമായി ആവേശമാകാൻ അജിത്തിന്റെ ‘വലിമൈ’; റിലീസ് പ്രഖ്യാപിച്ചു
തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് അജിത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് അജിത്തിന് ആരാധകര്‍ ഏറെ. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വലിമൈ. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങൾ വന്നുവെങ്കിലും തിയേറ്റർ റിലീസിനൊരുങ്ങിയ ചിത്രം കൊവിഡ് പാശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഫെബ്രുവരി 24 മുതൽ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് തവണ അജിത്തിന് പരിക്കേറ്റിരുന്നു. ബൈക്ക് സ്റ്റണ്ടുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ ശ്രദ്ധ നേടിയതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലർ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഐപിഎസ് ഓഫീസറായാണ് അജിത് എത്തുന്നത് എന്നാണ് സൂചന. സിനിമയിൽ നായികമാരായി വേഷമിടുന്നത് യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ്. കാര്‍ത്തികേയ, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വലിമൈ എന്ന ചിത്രത്തിനുണ്ട്.
Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…
അജിത് നായകനാകുന്ന വലിമൈ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. ‘നേര്‍ക്കൊണ്ട പാര്‍വൈ’,‘തീരൻ’ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്.വിനോദ്. അതേസമയം ബോണി കപൂർ ആണ് ചിത്രം നിർമിക്കുന്നത്.
Story highlights: Ajith starer valimai release