സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി- ജഗതിക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് അനൂപ്

മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസം പകരുന്നതായിരുന്നു സിബിഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം അദ്ദേഹം എത്തുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ.
താരത്തിന്റെ ഓരോ വിശേഷങ്ങൾക്കായും കാത്തിരിക്കുന്ന സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് അനൂപ് കൃഷ്ണൻ പങ്കുവെച്ച ഒരു കുറിപ്പ്. താരത്തെ കാണാൻ പോയപ്പോൾ ഉള്ള അനുഭവമാണ് അനൂപ് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
‘സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി: സ്നേഹം… സ്നേഹം… സ്നേഹം… ആരാധന… വിത്യസ്തമായ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിക്കാൻ ഇത്രയേറെ വൈവിധ്യം ഉള്ള മറ്റൊരു നടൻ ഉണ്ടോ എന്നതിനുള്ള ഉത്തരം ആണ് ഒഴിഞ്ഞു കിടക്കുന്ന അങ്ങയുടെ സിംഹാസനം.
എന്‍റെ ഭാഗ്യം ആണ് തൊട്ടടുത്ത് ഇങ്ങനെ ഇരിക്കാനും കുറച്ചു സമയം ചിലവഴിക്കാനും സാധിച്ചത്.. സിനിമയിൽ വീണ്ടും കാണാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു, ഒരുപാട് അർത്ഥമുള്ള, അതിലേറെ സ്നേഹമുള്ള ഒരു ചിരി… അത് എനിക്ക് പ്രിയപെട്ടതായിരിക്കും… ഏതോ ഒരു വേദിയിൽ വെച്ചോ, ലൊക്കേഷനിൽ വെച്ചോ എനിക്ക് തരാൻ വേണ്ടി അദ്ദേഹം സൂക്ഷിച്ചു വെച്ചോ ആ സ്നേഹത്തിന്റെ ചിരി …എന്‍റെ ജഗതി സർ…’അനൂപ് കുറിച്ചു.
അതേസമയം ജഗതി ശ്രീകുമാറിന്റെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
Story highlights: Anoop Meets Jagathy Sreekumar