എന്റെ കടലാസിന് പിറന്നാൾ ആശംസകൾ; ജഗതിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഇന്നസെന്റ്

January 5, 2022

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. ഹാസ്യ കഥാപാത്രമായും പ്രധാന കഥാപാത്രമായും വില്ലനായുമൊക്കെ സിനിമ ലോകത്ത് തിളങ്ങി നിന്ന താരം വാഹനാപകടത്തെത്തുടർന്ന് വർഷങ്ങളായി ചികിത്സയിലാണ്. അപകടം കവർന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്. സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട ജഗതിയുടെ വിശേഷങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന് ആശംസകളുമായി എത്തുകയാണ് സിനിമ ലോകം. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നാണ് ഇന്നസെന്റ് കുറിച്ചത്.

ഇന്നസെന്റ്- ജഗതിശ്രീകുമാർ എന്നിവർ ഒന്നിച്ച നിരവധി ചിത്രങ്ങളിൽ മലയാള സിനിമ ആസ്വാദകർ ആഘോഷമാക്കിയ കഥാപാത്രങ്ങളാണ് കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും. വിനീത് നായകനായ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.

അതേസമയം അപകടത്തെത്തുടർന്ന് വെള്ളിത്തിരയിൽ നിന്നും വിട്ട് നിന്ന ജഗതി, മമ്മൂട്ടി നായകനാകുന്ന സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിന്റെ പുതിയ ഭാഗത്തിൽ ഉണ്ടായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകർക്ക് താരം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ സന്തോഷം പകരുന്നതാണ്.

Read also: വരിയും സംഗീതവും ആലാപനവും ജിഷ്ണു; കോമഡി ഉത്സവവേദിയുടെ ഹൃദയം കവർന്ന പെർഫോമൻസ്

2012 മാര്‍ച്ചിലാണ് മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. 

Story highlights:innocent birthday wish to jagathy sreekumar