അടൽ ടണൽ ഇനി ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം
എഞ്ചിനീയറിങ് രംഗത്തെ അത്ഭുതമായി കരുതപ്പെടുന്ന തുരങ്കമാണ് അടൽ ടണൽ. മണാലിയെ ലഹൗളുമായി ബന്ധിപ്പിക്കുന്ന റോഹ്താങ്ങിൽ സ്ഥിതി ചെയ്യുന്ന ടണലിന്റെ നീളം 9.02 കിലോ മീറ്ററാണ്. ഉദ്ഘാടനസമയത്ത് തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന അടൽ ടണലിനെ ഇപ്പോൾ പുതിയ ഒരു റെക്കോർഡ് തേടിയെത്തിയിരിക്കുകയാണ്. 10000 അടി ഉയരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത എന്ന ലോകറെക്കോർഡാണ് അടൽ ടണിനെ തേടിയെത്തിയിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽനിന്ന് ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ വക്താവ് പറഞ്ഞു. പ്രതിരോധ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏത് കാലാവസ്ഥയിലും ഉൾനാടുകളിലേക്കും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും എത്താൻ കഴിയുന്ന തരത്തിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ടണലിന്റെ തെക്കുഭാഗത്തെ കവാടം മണാലിക്കടുത്ത് 9840 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലഹൗളിനടുത്തുള്ള സിസുവിലുള്ള വടക്കൻ കവാടത്തിന് 10,171 അടി ഉയരമുണ്ട്. സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനൊപ്പം ഈ തുരങ്കം മണാലിക്കും കീലോംഗിനും ഇടയിലുള്ള ദൂരം 46 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ടണലിന്റെ വരവോടെ രണ്ട് മണിക്കൂറോളം സമയമാണ് യാത്രക്കാർക്ക് ലഭിക്കാൻ കഴിയുന്നത്.
3200 കോടി മുതൽമുടക്കിൽ നിർമിച്ച തുരങ്കം 4ജി ഇന്റർനെറ്റ് സൗകര്യമുള്ള ലോകത്തിലെ തന്നെ ആദ്യ ടണലാണ്. ടണലിന്റെ ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും ഓരോ 150 മീറ്ററിലും എമർജൻസി വാതിലുകളുമുണ്ട്.
Story Highlights: Atal Tunnel is now world’s longest highway tunnel