ഗാലറിയിൽ വീണ്ടും ആരവമുയരുന്നു; വെസ്റ്റിൻഡീസിന് എതിരായ മൂന്നാം ടി 20ക്ക് കാണികളുണ്ടാവും
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ-വിന്‍ഡീസ് ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ വമ്പൻ വിജയം നേടിയതിന് പിന്നാലെ വലിയ ആഘോഷത്തിലായിരുന്നു ഇന്ത്യൻ ആരാധകർ. ഇപ്പോൾ ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഈഡൻ ഗാർഡൻസിൽ തന്നെ നടക്കുന്ന മൂന്നാമത്തെ ടി 20 മത്സരത്തിൽ ഗാലറിയിൽ കാണികളെ അനുവദിക്കുമെന്നാണ് ബിസിസിയുടെ തീരുമാനം. ഇതോടെ നാളുകൾക്ക് ശേഷം ഗാലറിയുടെ ആവേശത്തിൽ കളിക്കാനുള്ള അവസരമാണ് ഇന്ത്യൻ ടീമിന് വന്നിരിക്കുന്നത്.
ഒക്ടോബർ 20 ന് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി 20 മത്സരം കാണാനാണ് 20,000 കാണികളെ അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈഡൻ ഗാർഡനിൽ നടക്കുന്ന അവസാന ടി 20 മത്സരത്തിനായി കൂടുതൽ ആരാധകരെ അനുവദിക്കും എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആണ് പറഞ്ഞത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അതിന്റെ അംഗങ്ങൾക്കും അനുബന്ധ യൂണിറ്റുകൾക്കും കോംപ്ലിമെന്ററി ടിക്കറ്റുകൾ ആയി മാത്രമേ ടിക്കറ്റുകൾ നൽകുവെന്നാണ് അറിയിച്ചിരിക്കുന്നത്. താരങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇതുവരെ ഗാലറിയിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. ആദ്യ രണ്ട് ടി 20 മത്സരങ്ങൾക്കും ആകെ 2000 പേരെ വി ഐ പി ബോക്സിൽ പ്രവേശിപ്പിച്ചത് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഐപിഎൽ ആവുമ്പോഴേക്കും കാണികളെ പൂർണ്ണമായും സ്റ്റേഡിയത്തിൽ എത്തിക്കാൻ ആണ് ബിസിസിഐ ആലോചിക്കുന്നത്.
Read More: കേരളത്തിനായി വീണ്ടും ശ്രീശാന്ത്; നീണ്ട ഇടവേളയ്ക്ക് ശേഷം താരം രഞ്ജിയിൽ
നേരത്തെ ഏകദിന പരമ്പര 3-0 ന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും ടി 20 പരമ്പരയ്ക്കിറങ്ങിയത്. ആദ്യത്തെ ടി 20 മത്സരം ജയിച്ചതോട് കൂടി കൂടുതൽ ആവേശത്തിലാണ് ഇന്ത്യൻ ടീം രണ്ടാമത്തെ മത്സരത്തിനിറങ്ങുന്നത്. മൂന്നാമത്തെ ടി 20 ക്ക് കാണികൾ കൂടി എത്തുന്നതോട് കൂടി ടീമിന്റെ ആവേശം വാനോളമെത്തിയിരിക്കുകയാണ്.
Story Highlights: Audience allowed for 3rd T 20