ഐപിഎൽ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്ന ആശങ്കയിൽ ഓസ്ട്രേലിയൻ താരങ്ങൾ; പാകിസ്ഥാൻ പര്യടനം ഏപ്രിൽ ആദ്യവാരം
മാർച്ച് അവസാനത്തോടെ ഈ വർഷത്തെ ഐപിഎൽ തുടങ്ങാനിരിക്കെ ആദ്യ മത്സരങ്ങൾ നഷ്ടമാവുമെന്ന ആശങ്കയിൽ ഓസ്ട്രേലിയൻ താരങ്ങൾ. ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാരായ ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, എന്നിവർക്കാണ് ഐപിഎല്ലിലെ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാകുന്നത്.പാകിസ്ഥാനെതിരായ പരമ്പരയിൽ വിശ്രമം നൽകിയെങ്കിലും പരമ്പര നടക്കുമ്പോൾ പ്രാദേശിക ലീഗുകളിൽ കളിക്കരുതെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനമാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്.
ഏപ്രിൽ ആറിനാണ് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം അവസാനിക്കുക. അങ്ങനെയെങ്കിൽ ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ കളിക്കുന്ന മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജേസണ്‍ ബെഹ്റൻഡോഫ്, ഷോണ്‍ ആബട്ട്, നഥാൻ എല്ലിസ് എന്നിവർക്കും ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. വിവാഹം പ്രമാണിച്ച് ഗ്ലെൻ മാക്സ്വെല്ലിനെയും പാകിസ്ഥാൻ പര്യടനത്തിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളും ഒരു ട്വന്റി 20യുമാണ് പാകിസ്ഥാനിൽ ഓസ്ട്രേലിയ കളിക്കുക. 1998ന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ പാകിസ്ഥാന് പര്യടനം നടത്തുന്നത് എന്നതാണ് പരമ്പരയുടെ പ്രത്യേകത.
പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് പാകിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി 20 ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിൽ കളിക്കുന്ന പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ഡേവിഡ് വാർണർ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഷോണ്‍ ആബട്ട്, ബെഹ്റൻഡോഫ്, നഥാൻ എല്ലിസ് എന്നിവർ ടീമിലെത്തി. 2018 ന് ശേഷം ട്രാവിസ് ഹെഡ് ഏകദിന ടീമിലെത്തിയതാണ് പ്രധാനമാറ്റം. മാത്യു വെയ്ഡ് ടീമിലില്ലാത്തതിനാൽ ജോഷ് ഇംഗ്ലിസ് ആയിരിക്കും വിക്കറ്റ് കീപ്പറാവുക.
Story Highlights: Australian players will miss some IPL matches