നല്ലൊരു കഥയെ ബോഗികൾപോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചുകൊണ്ടുപോയ സിനിമ- ‘വെയിലി’നെക്കുറിച്ച് ഭദ്രൻ
മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. പുതിയ കാലത്തിലെ ചിത്രങ്ങളെയും ആസ്വദിക്കാറുള്ള ഭദ്രൻ താൻ ഏറ്റവും അവസാനമായി കണ്ട ചിത്രം വെയിലിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് വെയിൽ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഒരു അമ്മയും രണ്ട് ആൺമക്കളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ കടന്നുപോകേണ്ടിവരുന്ന ചില പ്രതിസന്ധിഘട്ടങ്ങളെയാണ് ചിത്രത്തിൽ പറയുന്നത്.
വളരെ മനോഹരമായി ഒരുക്കിയ ചിത്രത്തിന് അഭിനന്ദനങ്ങളുമായി നിരവധിപ്പേർ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിന് വേണ്ട രീതിയിലുള്ള അംഗീകാരം ലഭിച്ചിട്ടില്ല എന്ന് പറയുകയാണ് സംവിധായകൻ. കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തീയേറ്ററിൽ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ലെന്നും ഭദ്രൻ കുറിക്കുന്നുണ്ട്.
വെയിലിനെക്കുറിച്ചുള്ള ഭദ്രന്റെ വാക്കുകൾ:
സിനിമകൾ കണ്ട്, കൂടെ കൂടെ ഞാൻ അഭിപ്രായങ്ങൾ എഴുതുന്നത് ഒരു നിരൂപകൻ ആകാനുള്ള ശ്രമമായി ആരും കണക്കാക്കരുത്. അതിലൂടെ വരുന്ന പ്രതികരണങ്ങൾ കണ്ട് ഞാൻ ഉന്മാദം കൊള്ളാറുമില്ല. പക്ഷേ, അടുത്ത ദിവസങ്ങളിൽ തീയേറ്ററുകളിൽ ഇറങ്ങിയ ‘വെയിലി’നെ കുറിച്ച് പറയാതിരിക്ക വയ്യ!!
ഞാൻ ഏത് സാഹചര്യത്തിലാണ് വെയിൽ കാണുകയുണ്ടായത് എന്ന് ‘ഭൂതകാലം’ കണ്ടിട്ടെഴുതിയ പോസ്റ്റിലൂടെ പറയുകയുണ്ടായി. അതുകൊണ്ട് അത് ആവർത്തിക്കുന്നുമില്ല. എന്റെ ദുഃഖം അതൊന്നുമല്ല, കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം ഒന്നിനൊന്ന് പിറകോട്ട് പോവുകയാണോ എന്ന് ഞാൻ സംശയിക്കുന്നു. അതിനുള്ള ദൃഷ്ടാന്തം, എന്ത് കൊണ്ട് വെയിലിന് തീയേറ്ററിൽ ചെറുപ്പക്കാരുടെയും ഫാമിലികളുടെയും കൂട്ടം കാണുന്നില്ല?
ഈ സിനിമ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ഞാനറിയുന്നത്, പാലായിൽ ഈ സിനിമ റിലീസ് ആയിട്ട് മൂന്ന് ദിവസമായെന്ന്. മറ്റ് പല സെന്ററുകളിലും ഇതേ സാഹചര്യം തന്നെയാണ് എന്ന് കേൾക്കുന്നു. ഒരു സിനിമയെ അതിന്റെ ഔന്നിത്യത്തിൽ എത്തിക്കുന്നത്, ഒരു നല്ല കണ്ടെന്റിന്റെ എക്സിക്യൂഷനും പരസ്യ tactics കളും ആണെന്ന് ആർക്കാണ് അറിവില്ലാത്തത്.
അത്യാവശ്യം നല്ല ഒരു കഥയെ ബോഗികൾ പോലെ ഘടിപ്പിച്ച് യാത്രയ്ക്ക് ഭംഗം വരാതെ അതിന്റെ തീവ്രത സൂക്ഷിച്ചു കൊണ്ടുപോയ സിനിമ. അവാർഡ് കമ്മിറ്റി ജൂറിയിൽ, സർവ്വ അംഗങ്ങളും പ്രശംസിച്ച സിനിമയാണെന്ന് കൂടി ഓർക്കണം. അതിലെ ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെ ആ കഥയെ ഹൃദയത്തിൽ കൊണ്ട് ഉജ്ജ്വലമാക്കിയിരിക്കുന്നു. അതിലെ ഷെയിനിന്റെ സിദ്ധുവും ഒപ്പം, നിൽക്കക്കള്ളി ഇല്ലാത്ത ആ അമ്മയുടെ ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള പെർഫോമൻസും എന്നെ വ്യക്തിപരമായി രണ്ടുമൂന്ന് ഇടങ്ങളിൽ വീർപ്പുമുട്ടിച്ചു. നല്ല സിനിമയെ സ്നേഹിക്കുന്ന ചെറുപ്പക്കാർ, വളരെ മുൻപന്തിയിൽ വരാൻ ചാൻസ് ഉള്ള ഈ ഹീറോ മെറ്റലിനെ തീയേറ്ററിൽ പോയി കണ്ട് പ്രോത്സാഹിപ്പിക്കണ്ടേ? നിങ്ങൾ പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഞങ്ങൾ വളരുക.
Story highlights: bhadran about shane nigam veyil movie