‘എന്നാണ് ഭദ്രാ, പുതിയ സ്ഫടികം തിയേറ്ററിൽ ഒന്നുകൂടി കാണാൻ പറ്റുക..?’- കെപിഎസി ലളിതയുടെ ഓർമ്മകളിൽ സംവിധായകൻ ഭദ്രൻ
അന്തരിച്ച മുതിർന്ന നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആയിരക്കണക്കിനാളുകളാണ് തൃപ്പൂണിത്തുറയിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് കൊച്ചിയിലെ മകൻ സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്ത മലയാളത്തിന്റെ ഇതിഹാസ താരം ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. ഒട്ടേറെ സിനിമാതാരങ്ങളാണ് നടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ, കെപിഎസി ലളിതയുടേതായി എക്കാലത്തും ഓർമ്മിക്കപ്പെടുന്ന കഥാപാത്രത്തെ സ്ഫടികം എന്ന ചിത്രത്തിലൂടെ സമ്മാനിച്ച സംവിധായകൻ ഭദ്രൻ നടിയുടെ ഓർമ്മകൾ കുറിക്കുന്നു. ഭദ്രന്റെ വാക്കുകൾ; ‘എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവർത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു…” എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയേറ്ററിൽ ഒന്നൂകൂടി കാണാൻ പറ്റുക…” ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേർപാടിന്റെ ഓർമകളിലൂടെ വേണം ഈ പുതിയ തലമുറ ‘സ്ഫടിക’ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാർ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല…’.
Read Also: കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി
സ്ഫടികത്തിൽ അഭിനയിക്കുമ്പോൾ തിലകനുമായി വ്യക്തിപരമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഷൂട്ടിങ്ങിനു മുൻപ് അതിനെക്കുറിച്ച് നടിയോട് ചോദിച്ചപ്പോഴുള്ള പ്രതികരണവും ഭദ്രൻ കുറിച്ചിട്ടുണ്ട്. ‘ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ; ” അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. ” അതാണ് കെപിഎസി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെപിഎസി ലളിത ഭൂമുഖത്തുണ്ടാവില്ല’.
Story highlights- bhadran mattel about kpac lalitha