‘ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..’;കുതിരവട്ടം പപ്പുവിന്റെ ഓർമ്മകൾക്ക് മുൻപിൽ മകൻ
പത്മദലാക്ഷൻ എന്ന നടനെ ആർക്കും അറിയാൻ സാധ്യതയില്ല. എന്നാൽ കുതിരവട്ടം പപ്പു മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ പേരും മുഖവുമാണ്. അനേകം മലയാള സിനിമകളിലെ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാളി പ്രേക്ഷകർക്കിടയിൽ നിത്യമായ മതിപ്പ് സൃഷ്ടിച്ച കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് 22 വർഷങ്ങൾ പിന്നിടുകയാണ്.
അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും അഭിനയലോകത്ത് നിലയുറപ്പിച്ചു. അച്ഛന്റെ വേർപാടിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ ഉള്ളുതൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു വികാരനിർഭരമായ കുറിപ്പ് എഴുതി, ‘അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. ലവ് യു അച്ഛാ..’- ബിനു പപ്പു കുറിക്കുന്നു.
ടൊവിനോ തോമസ്, ലെന, അർജുൻ അശോകൻ, ശ്രിന്ദ, അപർണ ഗോപിനാഥ്, സിജു വിൽസൺ തുടങ്ങി നിരവധി അഭിനേതാക്കൾ ഇതിഹാസ നടൻ കുതിരവട്ടം പപ്പുവിന് സ്മരണാജ്ഞലി അർപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയിൽ എ വിൻസെന്റ് സംവിധാനം ചെയ്ത ‘ഭാർഗവി നിലയം’ എന്ന മലയാള ചിത്രത്തിലാണ് കുതിരവട്ടം പപ്പു ആദ്യത്തെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അതുല്യമായ അഭിനയ ശൈലിയും സംഭാഷണങ്ങളിലെ ‘കോഴിക്കോടൻ’ ഭാഷയുടെ പ്രയോഗവും കോമഡിയും അദ്ദേഹത്തിന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നൽകി. ‘മണിച്ചിത്രത്താഴ്’, ‘തേൻമാവിൻ കൊമ്പത്ത്’, ‘മിഥുനം’, ‘വിയറ്റ്നാം കോളനി’, ‘ചന്ദ്രലേഖ’, ‘ഏയ് ഓട്ടോ’, ‘മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു’ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ.
Story highlights- Binu Pappu pens an emotional note on dad Kuthiravattam Pappu’s 22nd death anniversary