ബ്രോ ഡാഡിയാകാൻ വെങ്കിടേഷ്, പൃഥ്വിയുടെ വേഷത്തിൽ റാണയും; ചിത്രം തെലുങ്കിലേക്ക്..?

February 3, 2022

നടനായും സംവിധായകനായും ഗായകനായുമൊക്കെ ശ്രദ്ധനേടിയ പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച ബ്രോ ഡാഡി എന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്കും എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കും. അതേസമയം റീമേക്ക് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രത്തിൽ ജോൺ കാറ്റാടി എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രം ഹോട് സ്റ്റാറിലൂടെയാണ് പുറത്തുവന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.

Read also:ഗുരു സോമസുന്ദരവും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു; ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിൽ ‘കപ്പ്’ വരുന്നു

ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു. ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി.

Story highlights: Bro daddy remake