കാരവാനിൽ ലോകം ചുറ്റിയ കുടുംബം കേരളത്തിൽ; കേരളം സ്പെഷ്യലാണെന്ന് മിച്ചിയും തോർബെനും

February 11, 2022

12 വർഷം മുൻപാണ് ജർമ്മൻ ദമ്പതികളായ മിച്ചിയും തോർബെനും ലോകം ചുറ്റാനിറങ്ങിയത്. റോഡിലൂടെയാണ് ഒരു രാജ്യത്തെ അറിയേണ്ടതെന്ന തിരിച്ചറിവിൽ യാത്രയ്ക്കായി ഒരു കാരവാൻ തന്നെ രൂപകൽപ്പനയും ചെയ്തു എഴുത്തുകാരിയായ മിച്ചിയും എഞ്ചിനീയറായ തോർബെനും. 90 രാജ്യങ്ങളോളം ചുറ്റിയ അവരുടെ യാത്ര ഒടുവിൽ കേരളത്തിലെത്തി നിൽക്കുന്നു.

2021 ഓഗസ്റ്റിലാണ് തോർബെനും കുടംബവും ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ ഭം​ഗിയേയും സംസ്കാരത്തേയും കുറിച്ച് പഠിക്കാൻ അവർ ഒരോ ന​ഗരങ്ങൾ സഞ്ചരിക്കാൻ തുടങ്ങി. നവംബർ പകുതിയോടെയാണ് അവർ കേരളത്തിൽ എത്തിയത്. മുംബൈ, ​ഗോവ, ഹംപി, ബെം​ഗളൂരു, കോയമ്പത്തൂർ, മൂന്നാർ, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വർക്കല വഴി സഞ്ചരിച്ചാണ് അവർ തിരുവനന്തപുരത്ത് എത്തിയത്.

കാരവാൻ ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ വിനോദസഞ്ചാരികൾ. കാരവാനിങ്ങിന് കേരളത്തിൽ നല്ല സാധ്യതയാണുള്ളത്. കുറഞ്ഞ സ്ഥലത്തിനുള്ളിൽ വൈവിധ്യമുള്ള കാഴ്ചകളാണ് കേരളത്തിൽ കാണാൻ കഴിയുകയെന്നും തോർബെൻ അഭിപ്രായപ്പെടുന്നു. കേരളം വളരെ സ്പെഷ്യലാണെന്നും മികച്ച റോഡുകൾ, താമസിക്കാനുള്ള സ്ഥലങ്ങൾ എല്ലാം ഇന്ത്യയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലാണുള്ളതെന്നും ഈ ദമ്പതികൾ പറയുന്നു.

Read More: “അദ്ദേഹത്തിന് മോഹൻലാലിനെ ഇഷ്ടമാണ്, അങ്ങനെ ചിത്രത്തിലേക്കെത്തി”; ആറാട്ടിലെ ഏ.ആർ.റഹ്മാന്റെ സാന്നിധ്യത്തെ പറ്റി ബി.ഉണ്ണികൃഷ്ണൻ

സ്വന്തമായി ഭക്ഷണം പാകം ചെയ്തും കാരവാനിൽ കിടന്നുറങ്ങിയും യാത്ര ചെയ്യുന്ന സഞ്ചാരികളായ ഈ ദമ്പതികൾക്ക് കൂട്ടായി ഒമ്പത് വയസുള്ള മകളും ആറ് വയസുള്ള മകനും കൂടെയുണ്ട്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കാരവാൻ ടൂറിസത്തിന്റെ ഭാ​ഗമായിക്കൂടിയാണ് ഇരുവരുടേയും കേരളസന്ദർശനം. തോർബെനും മിച്ചിയും കേരളത്തിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കേരളാ ടൂറിസം അവരുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിൽ ചെറുകുറിപ്പും ചിത്രവും പങ്കുവെച്ചിരുന്നു.

ഇന്ത്യയ്ക്ക് ശേഷം നേപ്പാൾ സന്ദർശിക്കാനുള്ള തീരുമാനത്തിലാണ് ഈ സഞ്ചാരികൾ.

Story Highlights: Caravan tourism in Kerala