മധുവിന്റെ ഓർമകൾക്ക് നാലാണ്ട്; ‘ചിന്നരാജ’ ഗാനം പുറത്ത് വിട്ട് ‘ആദിവാസി’ എന്ന സിനിമയുടെ പിന്നണിപ്രവർത്തകർ

February 22, 2022

കേരളീയ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നാല് വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി 22 ന് നടന്നത്. അന്നാണ് ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടം മധു എന്ന ചെറുപ്പക്കാരനെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. നീതിക്കായി മധുവിന്‍റെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. ഇപ്പോൾ മധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ഒരുങ്ങുകയാണ്. വിജീഷ് മണിയാണ് ‘ആദിവാസി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിച്ചിരിക്കുന്നത്. ആദിവാസി ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോൾ മധുവിന്റെ നാലാം ചരമവാർഷികമായ ഇന്ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് പിന്നണിപ്രവർത്തകർ. ‘ചിന്ന രാജ’ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി. ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഏരീസിന്റെ ബാനറിൽ ഡോ. സോഹൻ റോയി നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ്.

അപ്പാനി ശരത്തിനോടൊപ്പം ചിത്രത്തില്‍ ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സംവിധായകനായ വിജീഷ് മണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Read More: ഇനി ഭീംല നായകും ഡാനിയേൽ ശേഖറും കൊമ്പുകോർക്കും-‘ഭീംല നായക്’ ട്രെയ്‌ലർ

അതേസമയം മധു കൊലക്കേസിൽ ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്‍റെ കേസിന് ജീവന്‍ വച്ചത്. എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാര്‍കാട് കോടതി തീരുമാനം. പ്രതികളുമായി അടുത്ത ബന്ധമുള്ളതിനാൽ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത പ്രോസിക്യൂഷനും തള്ളുന്നില്ല.

Story Highlights: ‘Chinnaraja’ song out