ഇനി ഭീംല നായകും ഡാനിയേൽ ശേഖറും കൊമ്പുകോർക്കും-‘ഭീംല നായക്’ ട്രെയ്‌ലർ

February 22, 2022

പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പവന്റെ ഭീംല നായകും റാണയുടെ ഡാനിയൽ ശേഖറും തമ്മിലുള്ള ഏറ്റുമുട്ടൽ ആരാധകരെ ത്രസിപ്പിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കൂടാതെ, ചിത്രം ഒരു പവൻ കല്യാൺ ഷോ തന്നെയാണ് എന്ന് പറയാം.

കഴിഞ്ഞ ആഴ്ച, ഭീംല നായക്കിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. മൂന്നാമത്തെ കൊവിഡ്-19 തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആന്ധ്രാപ്രദേശ് സർക്കാർ ഇളവ് വരുത്തിയ ഉടൻ ഫെബ്രുവരി 25 ന് സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.

സിത്താര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്. പവൻ കല്യാൺ, റാണ ദഗ്ഗുബാട്ടി എന്നിവരെ കൂടാതെ, സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനോൻ, സംയുക്ത മേനോൻ, സമുദ്രക്കനി, ബ്രഹ്മാനന്ദം, മുരളി ശർമ്മ എന്നിവരും അഭിനയിക്കുന്നു.

Read Also: മോഹൻലാലിന് ശേഷം മമ്മൂട്ടി; ആറാട്ടിന് ശേഷം മമ്മൂട്ടിക്കൊപ്പമുള്ള മാസ്സ് ചിത്രമെന്ന് ബി. ഉണ്ണികൃഷ്ണൻ

 2020ൽ പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ഭീംല നായക്. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. 

Story highlights-bheemla nayak trailer