വീട് പുതുക്കിപ്പണിഞ്ഞപ്പോൾ ലഭിച്ചത് 33 ലക്ഷം രൂപയുടെ നിധി!

February 10, 2022

അപ്രതീക്ഷിതമായി തേടിയെത്തുന്ന ഭാഗ്യങ്ങളെ നമ്മൾ നിധിയായി വിശേഷിപ്പിക്കാറുണ്ട്. ജീവിതം മാറ്റി മറിക്കുന്ന നിമിഷങ്ങളോ ആളുകളോ ഒക്കെ നിധികളാണ്. എന്നാൽ യഥാർത്ഥത്തിൽ ഒരു നിധി അപ്രതീക്ഷിതമായി ലഭിച്ചാൽ എന്താകും അവസ്ഥ? ഓഹിയോയിലെ ഒരു ദമ്പതികൾ വീട് പുതുക്കിപ്പണിയുന്നതിനിടയിൽ നിലവറയിൽ നിന്നും നിധി കണ്ടെത്തിയപ്പോൾ ഒന്ന് അമ്പരന്നു. ബേസ്മെന്റ്റ് ഒന്ന് പുതുക്കി പണിയുമ്പോഴാണ് ഇങ്ങനെ അമ്പരപ്പിക്കുന്ന ഒരു നിധി ഈ ദമ്പതികളെ തേടിയെത്തിയത്.

ബേസ്‌മെന്റിന്റെ പൊടിപടലമുള്ള സീലിംഗിന്റെ കഷണങ്ങൾ വലിച്ചുകീറുന്നതിനിടെ, മുകൾ ഭാഗത്തിനും താഴത്തെ നിലയുടെ അടിഭാഗത്തിനും ഇടയിൽ എന്തോ ഒളിപ്പിച്ചിരിക്കുന്നത് ഇവർ ശ്രദ്ധിച്ചു.പച്ചയും ചാരനിറത്തിലുള്ള സ്യൂട്ട്‌കേസുകളും അവർ കണ്ടെത്തി. പെട്ടിക്കുള്ളിൽ എന്തോ ഉണ്ടെന്നു ഉടമയ്ക്ക് മനസിലായെങ്കിലും ഭാരമില്ലാത്തതിനാൽ നാണയങ്ങളോ സ്വർണ്ണക്കട്ടികളോ ആയിരിക്കില്ല എന്ന് ഉറപ്പിച്ചു. ചിലപ്പോൾ പഴയ സ്‌പോർട്‌സ് കാർഡുകളാകാം എന്ന നിഗമനത്തിലായിരുന്നു അവർ.

Read Also: ‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ ഹൃദയം കവർന്ന് ദേവനക്കുട്ടിയുടെ ആലാപനം

പക്ഷെ സ്യൂട്ട്കേസുകൾ തുറന്നപ്പോൾ ആയിരക്കണക്കിന് ഡോളർ പണമാണ് കണ്ടെത്തിയത്..ഓരോ പെട്ടിയിലും മെഴുക് പേപ്പറിൽ പൊതിഞ്ഞ മൂന്ന് പൊതികൾ അടങ്ങിയിരുന്നു, കൂടാതെ 1951 മാർച്ച് 25 ലെ ക്ലീവ്‌ലാൻഡ് പ്ലെയിൻ ഡീലർ പത്രത്തിന്റെ പഴയ പകർപ്പും. ആദ്യത്തെ സ്യൂട്ട്കേസിൽ 23,000 ഡോളറിന്റെ നോട്ടുകളുണ്ടായിരുന്നു.രണ്ടാമത്തെ സ്യൂട്ട്കേസിൽ കൂടുതൽ പണമുണ്ടായിരുന്നു, അവർക്ക് ആകെ $45,000 ലഭിച്ചു. അതായത് 33 ലക്ഷം രൂപ! എന്തായാലും ഈ തുക പണയ തുക അടയ്ക്കാനും കടങ്ങൾ വീട്ടാനും ഉപയോഗിക്കും എന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

Story highlights- Couple renovating their home find treasure worth Rs 33 lakh