96 രണ്ടാം ഭാഗമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സി പ്രേംകുമാർ
വിജയ് സേതുപതി- തൃഷ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി സി പ്രേംകുമാർ സംവിധാനം നിർവഹിച്ച ചിത്രമാണ് 96. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ പ്രേംകുമാർ. വിജയ് സേതുപതിയും തൃഷയും തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും അഭിനയിക്കുക എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചതോടെയാണ് സംവിധായകൻ വിശദീകരണവുമായി രംഗത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ ഡി റ്റി നെക്സ്റ്റിനോടാണ് ഇത് സംബന്ധിച്ച് വിശദീകരണം അദ്ദേഹം നൽകിയത്.
അതേസമയം തമിഴിൽ സൂപ്പർഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ് 96. വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിച്ച ചിത്രത്തിലെ പാട്ടുകളും വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടിയിരുന്നു. 2018 ഒക്ടോബര്‍ നാലിനാണ് ’96’ തിയേറ്ററുകളിലെത്തിയത്. തികച്ചും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച് കൈയടിയേറ്റുവാങ്ങിയത്. മൂന്ന് വ്യത്യസ്തമായ കാലഘട്ടത്തെയും ചിത്രത്തിൽ പറയുന്നുണ്ട്.
Read also: ‘ആഷിഖ് ഏട്ടൻ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നയാൾ’; ‘നാരദൻ’ വ്യത്യസ്തമായ സിനിമയെന്ന് ടൊവിനോ
സ്കൂൾ കാലഘട്ടത്തിലെ പ്രണയമാണ് ചിത്രം പറയുന്നത്. മനോഹരമായ പ്രണയത്തിന്റെ ഓർമ്മകൾക്കൊപ്പം നഷ്ടപ്രണയത്തിന്റെ നൊമ്പരവും ചിത്രത്തിൽ പറഞ്ഞിരുന്നു. അതേസമയം ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തിലാണ് പ്രേക്ഷകർ ഏറ്റുവാങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി സംവിധായകൻ എത്തിയത്.
Story highlights: Director Prem kumar denies about 96 second part