റിവേഴ്‌സ് ഗിയറിലോടുന്ന പ്രായമാണോയെന്ന് ചോദ്യം; വൈറലായി ദുൽഖറിന്റെ മറുപടി

മലയാളസിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. മികച്ച നടൻ എന്നതിനൊപ്പം ഒരു സ്റ്റൈൽ ഐക്കൺ എന്ന നിലയിലും വലിയ ആരാധകവൃന്ദമുള്ള ദുൽഖർ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ദുൽഖർ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർക്ക് നൽകിയ മറുപടിയുമാണ് വൈറലാവുന്നത്.
സ്ലിം ലുക്കിൽ സ്റ്റൈലിഷായിട്ടുള്ള ദുൽഖറെ ഫോട്ടോയിൽ കാണാം. ‘ഫൈൻഡിഫ് യാസ്ഹാൻ’ എന്ന അടിക്കുറിപ്പും ഈ ചിത്രങ്ങൾക്കൊപ്പം ദുൽഖർ നൽകിയിരിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്. ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നതെന്ന് എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ മറുപടിയുമായി ദുൽഖർ എത്തി. മമ്മൂട്ടിയുമായി ബന്ധപ്പെടുത്തിയായിരുന്നു ദുൽഖറിന്റെ മറുപടി.’സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ’ എന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രമാണ് ദുൽഖറിന്റേതായി പുറത്തുവരാനിരിക്കുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്ററാണ് സംവിധാനം. ഈ ചിത്രവും മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
Read More: വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും- ‘വാശി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍ത ‘സല്യൂട്ട്’ ആണ് റിലീസ് കാത്തു നിൽക്കുന്ന മറ്റൊരു ദുൽഖർ ചിത്രം. കഴിഞ്ഞ മാസം 14 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വർധിച്ച സാഹചര്യത്തിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫെറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘കുറുപ്പ്’ ആണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു.
Story Highlights: Dulquer’s viral pics