ഭൂമിയിൽ ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ള ജീവി, പക്ഷെ വലിപ്പം വെറും ഒരു മില്ലീമീറ്റർ മാത്രം

February 12, 2022

കൊവിഡ് കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെയധികം ആവശ്യമുള്ള കാര്യമാണ്. മനുഷ്യനിലും മൃഗങ്ങളിലുമെല്ലാം ഇത് ഒരുപോലെ ബാധകമാണ്. എന്നാൽ, അൾട്രാ വയലറ്റ് രശ്മിയേറ്റാൽ പോലും യാതൊന്നും സംഭവിക്കാത്ത ഒരു ജീവി ഭൂമിയിലുണ്ട്. ടാർഡിഗ്രേഡുകൾ എന്നും ജലക്കരടികൾ എന്നും വിളിപ്പേരുള്ള ജീവി. ഭൂമിയിൽ ഏറ്റവുമധികം പ്രതിരോധ ശേഷിയുള്ള ജീവിയാണ് ഇത്.മാത്രമല്ല, ഇവയ്ക്ക് ബഹിരാകാശത്ത് പോലും അതിജീവിക്കാൻ കഴിയും.

നീണ്ട് തടിച്ച ശരീരവും കുഞ്ഞു തലയുമുള്ള സൂക്ഷ്മജീവികളാണ് ഇവ. എട്ട് കൈകാലുകളും അവയിൽ നഖങ്ങളുമുണ്ട്. ടാർഡിഗ്രേഡ് ഒരു ഫൈലം ആണ്. പക്ഷെ, ഇവയ്ക്ക് 0.05 മില്ലിമീറ്റർ മുതൽ 1.2 മില്ലീമീറ്റർ വരെ നീളമേ ഉള്ളു. സാധാരണയായി 1 മില്ലീമീറ്ററിൽ കൂടുതൽ വലിപ്പം വയ്ക്കാറുമില്ല.

ജല കരടികൾക്ക് എവിടെയും ജീവിക്കാൻ കഴിയും. പൊതുവെ, തടാകത്തിന്റെ അടിഭാഗത്ത് നനഞ്ഞ പായൽ കഷണങ്ങളിലോ മറ്റ് നനഞ്ഞ ചുറ്റുപാടുകളിലോ താമസിക്കുവാനാണ് അവ ഇഷ്ടപ്പെടുന്നത്. ജലത്തിലാണ് ജീവിക്കുന്നതെങ്കിലും ഉയർന്ന താപനിലയെയും അതിജീവിക്കാൻ ഇവയ്ക്ക് കഴിയും.

ടാർഡിഗ്രേഡുകൾക്ക് മൈനസ് 200 സെൽഷ്യസ് അല്ലെങ്കിൽ 300 ഡിഗ്രി ഫാരൻഹീറ്റ് വരെ സഹിക്കാൻ പറ്റും. ചുട്ടുതിളക്കുന്ന ദ്രാവകങ്ങൾ, സമുദ്രത്തിന്റെ ആഴമേറിയ ഭാഗങ്ങൾ, ശൂന്യമായ നിലങ്ങൾ ഇവയിലൊക്കെ ഈ ജീവികൾ അതിജീവിക്കും.

സൂപ്പർനോവകളോ വലിയ ഛിന്നഗ്രഹ സ്വാധീനമോ ആളുകൾക്ക് വിനാശകരമാകുമെങ്കിലും, ടാർഡിഗ്രേഡുകൾ ബാധിക്കപ്പെടില്ല എന്നാണ് പഠനങ്ങളിൽ പറയുന്നത്. അതായത്, ഭൂമിയിൽ നിന്നും മനുഷ്യ വംശം പൂർണമായി തുടച്ചുനീക്കപ്പെട്ടാലും ജീവന്റെ കണിക പേറി ടാർഡിഗ്രേഡുകൾ നിലനിൽക്കും.

Read Also: മെല്ലെ മെല്ലെ മുഖപടം…ഹൃദയത്തിൽ ഈണം നിറച്ച് അക്ഷിത്ത്, അസാധ്യം ഈ ആലാപനമികവ്

1773-ൽ ജർമൻ പാസ്റ്റർ ജോഹാൻ ഓഗസ്റ്റ് എഫ്രയിം ഗോയസാണ് ടാർഡിഗ്രേഡുകളെ കണ്ടെത്തിയത്. ടാർഡിഗ്രാഡ എന്നായിരുന്നു അദ്ദേഹം പേരിട്ടത്. ആൽഗകൾ, ലൈക്കണുകൾ എന്നിവയിൽ നിന്നുള്ള ജ്യൂസുകളാണ് ഇവയുടെ ഭക്ഷണം.

Story highlights- Facts About Tardigrades