ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ അദ്ദേഹം യാത്രയായി, മലയാളി മനസ്സിൽ പാട്ടിന്റെ ലഹരിനിറച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളിൽ…..

February 10, 2022

മലയാളി മനസ്സിൽ പാട്ടിന്റെ ലഹരി നിറച്ച കലാകാരൻ, ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളിലാണ് സിനിമ ലോകം. സംഗീതപ്രേമികൾക്ക് ഓർത്തുവയ്ക്കാൻ ഒരുപിടി നല്ല പാട്ടുകൾ സമ്മാനിച്ച അത്ഭുത പ്രതിഭ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷങ്ങൾ. ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിന്റെ എല്ലാ വരികളും തന്നെ സൂര്യകിരീടം പോല്‍ കാലന്തരങ്ങള്‍ക്കുമപ്പുറം കെടാതെ ശോഭിയ്ക്കുന്നവയാണ്. 

പ്രണയവും വിരഹവും വിപ്ലവവുമെല്ലാം പാട്ടിലൂടെ പറഞ്ഞ അദ്ദേഹത്തിന്റെ പാട്ടുകളിൽ കൂടുതലും നിറഞ്ഞുനിന്നത് പ്രണയഗാനങ്ങളാണ്. ‘പിന്നെയും പിന്നെയും..’ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്), ‘എത്രയോ ജന്മമായി നിന്നെ  ഞാന്‍..’ (സമ്മര്‍ ഇന്‍ ബെത്‌ലഹേം), ‘അറിയാതെ അറിയാതെ..’ (രാവണപ്രഭു), ‘ആരോ വിരൽ മീട്ടി…’ (പ്രണയവർണ്ണങ്ങൾ), ‘നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ…’ (അഗ്നിദേവൻ), ‘എന്റെ എല്ലാമെല്ലാമല്ലെ..’ (മീശമാധവന്‍) തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, അത്രമേൽ സുന്ദരമാണ് ആ മനോഹര ഗാനങ്ങൾ.

കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ട് ഗാനരചനയിൽ ചുവടുവെച്ച അദ്ദേഹം, കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതി. “എങ്ക്വയറി” എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 344 സിനിമകളിലായി 1599-ലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു.

Read also:അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് സോനു സൂദ്, താരത്തിന്റെ നന്മ മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളിലെ ഭംഗി. മേലെ മേലേ മാനം, നിലാവേ മായുമോ, ഇന്നലെ എന്റെ നെഞ്ചിലേ, ശാന്തമീ രാത്രിയില്‍, പിലര്‍വെയിലും പകല്‍മുകിലും, ഏതോ വേനല്‍ കിനാവിന്‍, ആകാശദീപങ്ങള്‍ സാക്ഷി, കണ്ണുംനട്ട് കാത്തിരുന്നിട്ടും…. അങ്ങനെയങ്ങനെ നിരവധിയാണ് ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യപ്രതിഭയുടെ തൂലികയില്‍ വിരഞ്ഞ പാട്ടുകള്‍…..ഇനിയും ഏറെയുണ്ട് അദ്ദേഹത്തിന്റെ വരികളാല്‍ അനശ്വരമായ ഗാനങ്ങള്‍.

മലയാളികൾക്ക് നെഞ്ചോട് ചേർത്തുവയ്ക്കാൻ ഇനിയും ഒരുപാട് പാട്ടുകൾ ബാക്കിവെച്ചുകൊണ്ടാണ് 2010 ഫെബ്രുവരി 10 ന് സംഗീത ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ശാന്തമായ ഒരു രാത്രിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയില്ലാതെ അദ്ദേഹം മറ്റൊരു ലോകത്തേക്ക് യാത്രയായത്.

Story Highlights: gireesh puthenchery 12 th death anniversary