അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് സോനു സൂദ്, താരത്തിന്റെ നന്മ മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ

February 10, 2022

സോനു സൂദ്… വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാകാരൻ, വെള്ളിത്തിരയിലെ ഈ വില്ലൻ പക്ഷെ ജീവിതത്തിൽ നായകനാണ്. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്തു സോനു സൂദ് എന്ന ബോളിവുഡ് നടൻ. ആവശ്യക്കാരെ തേടിയെത്തി സഹായിക്കുന്ന താരത്തിന്റെ നന്മ പ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി അഭിനന്ദനങ്ങളും ലഭിക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ കാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യുഎന്നിന്റെ പ്രത്യേക ബഹുമതിയും താരത്തെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ കാറപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായി എത്തുകയാണ് സോനു സൂദ്.

കഴിഞ്ഞ ദിവസം പഞ്ചാബ് മോഗയിലെ ദേശീയപാതയിൽ രണ്ടു കാറുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഈ അപകടത്തിൽ ബോധരഹിതനായ ബുക്കൻവാല സ്വദേശി സുഖ്‌ബീർ സിങ്ങിനാണ് താങ്ങായി സോനു സൂദ് എത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സോനു സൂദ് കൈയിലെടുത്തുകൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്നത്.

താരത്തിന്റെ വാഹനം ഈ വഴിയിലൂടെ പോകുമ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്, ഉടൻതന്നെ പുറത്തിറങ്ങിയ താരം അപകടത്തിൽ പരിക്കേറ്റ യുവാവിനെ വേഗം ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി.അതേസമയം ആരോ പകർത്തി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതോടെ അഭിനന്ദനപ്രവാഹങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read als: റൂബിക്സ് ക്യൂബിൽ ഒരുങ്ങിയ മമ്മൂക്ക, കുരുന്ന് കലാകാരന് നന്ദി അറിയിച്ച് താരം

അഭിനയത്തിനപ്പുറം സോഷ്യൽ വർക്കിലും താത്പര്യം കാണിക്കാറുള്ള താരം കൊവിഡ് മഹാമാരിക്കാലത്തും ദുരിതത്തിലായ നിരവധിപ്പേർക്ക് സഹായഹസ്തവുമായി എത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ നിരവധി ഇടങ്ങളിൽ ഓക്‌സിജൻ ക്ഷാമം വളരെ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിൽ ഓക്‌സിജൻ പ്ലാന്റുകൾ ആശുപത്രികളിൽ എത്തിച്ചുനൽകിയും ഏറെ ശ്രദ്ധനേടിയതാണ് സോനു സൂദ്.

Story highlights: Sonu Sood rescues 19-year-old accident victim