6 വർഷങ്ങൾക്ക് ശേഷം വീണ്ടും റാങ്കിങ്ങിൽ ഒന്നാമത്; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ ടീമും നായകനും

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്നാമത്തെ ടി 20 മത്സരവും വിജയിച്ചതോടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഹിറ്റ്മാൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. ഇതോടെ മറ്റൊരു വലിയ അംഗീകാരവും ഇന്ത്യൻ ടീമിനെ തേടിയെത്തിയിരിക്കുകയാണ്. പരമ്പര വിജയത്തോടെ ഐസിസി ടി 20 റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ടി 20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
ധോണിക്ക് കീഴില്‍ 2016 ഫെബ്രുവരി 12 നാണ് ഇന്ത്യ ഇതിന് മുമ്പ് ടി 20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. വിന്‍ഡീസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഒരു റേറ്റിംഗ് പോയിന്‍റിന്‍റെ വ്യത്യാസമാണുണ്ടായിരുന്നത്. ഇന്ത്യക്കെതിരായ പരമ്പരക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ടി 20 യിലെ തുടര്‍ ജയങ്ങളിലും ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തി. വിന്‍ഡീസിനെതിരായ മൂന്നാം മത്സരത്തിലും ജയിച്ചതോടെ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ടി 20 മത്സരത്തിലാണ് വിജയം നേടുന്നത്. ടി 20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്കുശേഷം അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്കോട്‌ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലുിം സമ്പൂര്‍ണ ജയം നേടിയിരുന്നു.
Read More: കണ്ണ് തുറക്കാത്ത ദൈവങ്ങളെ..,പാട്ട് വേദിയിൽ മറ്റൊരു മനോഹരനിമിഷം സമ്മാനിച്ച് അമൃതവർഷിണി
2020ല്‍ തുടര്‍ച്ചയായി ഒമ്പത് ടി 20 മത്സരങ്ങള്‍ ജയിച്ചതാണ് ഇതിന് മുമ്പുള്ള ഇന്ത്യന്‍ റെക്കോര്‍ഡ്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം സ്വന്തമാക്കിയ രോഹിത് ശര്‍മ ഏറ്റവും കൂടുതല്‍ ടി 20 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച നായകന്‍മാരില്‍ രണ്ടാം സ്ഥാനത്തെത്തി. 2019-2022 കാലയളവിലാണ് രോഹിത് തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമാക്കിയത്.
Story Highlights: India No.1 in T20 ranking