അനുഭവസമ്പത്തുമായി മിതാലി രാജ്, ഐസിസിയുടെ മികച്ച താരം സ്‌മൃതി മന്ദാന, ഒപ്പം പ്രതീക്ഷയായി യുവതാരങ്ങളും; ലോകകപ്പിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ലോകകപ്പ് മാർച്ച് 4 ന് ആരംഭിക്കാനിരിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ വനിതാ ടീം. ക്യാപ്റ്റൻ മിതാലി രാജിനും സൂപ്പർതാരം സ്‌മൃതി മന്ദാനയ്ക്കുമൊപ്പം കുറെയേറെ യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പ് നേടാൻ കഴിയുന്ന ഒരു ടീം തന്നെയാണെന്നാണ് ആരാധകരുടെയും കളി നിരീക്ഷകരുടെയും വിലയിരുത്തൽ. നിലവിലെ ടീമിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളി പുറത്തെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ തനിക്ക് പൂർണവിശ്വാസമുണ്ടെന്ന് നേരത്തെ ക്യാപ്റ്റൻ മിതാലി രാജ് അഭിപ്രായപ്പെട്ടിരുന്നു.
അടുത്തിടെ ടീമിലേക്കെത്തിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. റിച്ച ഘോഷ്, ഷിഫാലി വർമ്മ, മേഘ്ന സിങ്, പൂജ വസ്ത്രാകർ തുടങ്ങിയ പുതിയ താരങ്ങൾ നേരത്തെ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളി ഗ്രൗണ്ടിൽ പുറത്തെടുക്കാൻ കഴിയുന്ന താരങ്ങളാണെന്ന് തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിലൂടെ യുവതാരങ്ങളുടെ കഴിവിനെ പറ്റിയും അവരെ സ്‌ക്വാഡിൽ ഏത് സ്ഥാനത്ത് കളിപ്പിക്കണം എന്നതിനെ പറ്റിയും ടീം സെലക്ഷൻ കമ്മറ്റിക്കും, ക്യാപ്റ്റനും, മറ്റ് സീനിയർ താരങ്ങൾക്കും കൃത്യമായ ഒരു ധാരണ നൽകിയിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങളിൽ വലിയ അനുഭവസമ്പത്തുള്ള ക്യാപ്റ്റൻ മിതാലി രാജിൽ തന്നെയാണ് ടീമിന്റെ മുഴുവൻ പ്രതീക്ഷയും. ലോകത്തെ തന്നെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ്റർമാരിലൊരാളാണ് മിതാലി രാജ്. 1999-ൽ ക്രിക്കറ്റിലേക്കെത്തിയ മിതാലിയുടെ അവസാനത്തെ ലോകകപ്പായിരിക്കുമിത്. അത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ക്യാപ്റ്റനെന്ന നിലയിലും പ്ലേയറെന്ന നിലയിലും മിതാലിയുടെ ചുമലിലുള്ളത്. 2017 ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു മിതാലി.
Read More: പഞ്ചാബ് കിംഗ്സിന് നായകനായി; കിംഗ്സിനെ ഇത്തവണ മായങ്ക് അഗർവാൾ നയിക്കും
ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ ചുമലിലേറ്റിയ മറ്റൊരു താരമാണ് കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്ററായി കൂടി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ താരം സ്‌മൃതി മന്ദാന. 2021-ൽ എല്ലാ ഫോർമാറ്റുകളിലും സ്‌മൃതി നടത്തിയത് അസാമാന്യ പ്രകടനമാണ്. കഴിഞ്ഞ വർഷം 3 ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ ഓപ്പണറായ സ്‌മൃതി 855 റൺസാണ് അടിച്ചുകൂട്ടിയത്.
മാർച്ച് 6 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Story Highlights: Indian women’s world cup squad