ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ വിജയം: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ്ണ വിജയത്തിന്റെ ഓർമ്മയിൽ കായികപ്രേമികൾ
ലോക ക്രിക്കറ്റിന്റെ തലപ്പത്താണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. ആവേശത്തിന്റെ പരകോടിയിൽ ആരാധകരെയെത്തിച്ച നിരവധി അനവധി മത്സരങ്ങളും വിജയങ്ങളും ഇക്കാലം കൊണ്ട് ഇന്ത്യ നേടിയിട്ടുണ്ട്. വിദേശ പിച്ചിലെ പരീക്ഷണങ്ങളെ അതിജീവിച്ചും, സ്വന്തം മണ്ണിൽ പോരാടി നേടിയ വിജയങ്ങളും, തോൽവിയിലേക്ക് വീഴുമെന്ന് കരുതിയടത്ത് നിന്ന് തിരിച്ച് വന്ന വിജയങ്ങളും അങ്ങനെ കാലമെത്ര കഴിഞ്ഞാലും മറവിയുടെ ആഴങ്ങളിൽ വീണു പോകാതെ നമ്മളോർക്കുന്ന ഒരുപാടൊരുപാട് വിജയ നിമിഷണങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 10 ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുവർണ്ണ വിജയത്തിന്റെ ഓർമ്മകൾ തിളങ്ങുന്ന ദിവസമാണ്. 1952 ഫെബ്രുവരി 10 നാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ആദ്യ വിജയം നേടുന്നത്. അതും ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തികൊടുത്ത ഇംഗ്ലണ്ടിനെ തോൽപ്പിച്ച്. പരമ്പരക്കെത്തിയ ഇംഗ്ലണ്ടിനോട് ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും സമനില പിടിച്ച ഇന്ത്യയ്ക്ക് പക്ഷെ നാലാം ടെസ്റ്റിൽ കാലിടറി. തോൽവിയോടെ പരമ്പരയിൽ 1-0 ത്തിന് പുറകിൽ പോയ ആതിഥേയർക്ക് അഞ്ചാം മത്സരങ്ങളിൽ വിജയം അനിവാര്യമായിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ വിജയമെന്നത് അനിവാര്യതയായിരുന്നുവെങ്കിലും അത് എളുപ്പമായിരുന്നില്ല…
ചെന്നൈയിലെ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡൊണാൾഡ് കാർ ബാറ്റിങിനിറങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചതെന്ന് എപ്പോളും വിലയിരുത്തപ്പെടുന്ന മാമാങ്കത്തിന്റെ 55 റൺസ് വഴങ്ങിയുള്ള 8 വിക്കറ്റ് പ്രകടന മികവിൽ ഇംഗ്ലണ്ടിനെ 266 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി 457 റൺ പടുത്തുയർത്തി. പങ്കജ് റോയും പൊളി ഉമ്രിഗെറും നേടിയ സെഞ്ച്വറികളായിരുന്നു അതിൽ ശ്രദ്ധേയം, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിന് പുറത്താക്കി വിജയമാഘോഷിക്കുമ്പോൾ അത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു. ടെസ്റ്റ് വിജയത്തിനൊപ്പം അത് ആദ്യ ടെസ്റ്റ് പരമ്പര നേട്ടം കൂടിയായി.
ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണ് ആദ്യമായി ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. 1932 ജൂൺ 25 ന് ഇംഗ്ലണ്ടിനെതിരെ തുടങ്ങിയ ടെസ്റ്റ് മത്സര യാത്രയിൽ ആദ്യ വിജയം നേടാൻ ഇന്ത്യ 20 വർഷം കാത്തിരിക്കേണ്ടി വന്നു. ആദ്യ ടെസ്റ്റ് മത്സര വിജയം നൽകിയ ആത്മവിശ്വാസത്തിൽ ഇന്ത്യ ഈ ലോകം കീഴടക്കി. ടെസ്റ്റിൽ തുടർച്ചയായി ഒന്നാം സ്ഥാനമലങ്കരിച്ചു… ചെന്നൈയിൽ വിജയ് ഹസാരെയുടെ കീഴിൽ നേടിയ ആ വിജയത്തിന് മധുരമേറെയാണ്. വലിയ വിജയങ്ങൾക്ക് തുടക്കമിട്ടതിന്റെ സന്തോഷത്തിൽ നിന്നും അഭിമാനത്തിൽ നിന്നും ഉടലെടുക്കുന്ന മധുരം.
Story highlights: India’s first win in international cricket