വമ്പൻ തിരിച്ചുവരവിന് ‘സർ രവീന്ദ്ര ജഡേജ’; താരത്തിന്റെ ടീമിലേക്കുള്ള മടക്കം ഇന്ത്യ-ശ്രീലങ്ക പരമ്പരയിൽ
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ് രവീന്ദ്ര ജഡേജ. പലപ്പോഴും അസാധ്യമെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ നിന്ന് ടീമിനെ കര കയറ്റിയ താരം കൂടിയാണ് രവീന്ദ്ര ജഡേജ. ഐപിഎല്ലിലും ജഡേജയുടെ കളിക്ക് ആരാധകർ ഏറെയാണ്. ചെന്നൈ സൂപ്പർകിങ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരത്തിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘സർ രവീന്ദ്ര ജഡേജ.’
ഇപ്പോൾ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ജഡേജ. നവംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനവും വിൻഡീസിനെതിരായ ഏകദിന, ടി 20 പരമ്പരയും ജഡേജയ്ക്ക് നഷ്ടമായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികില്‍സയ്‌ക്കും പരിശീലനത്തിനും ശേഷമാണ് ജഡേജ ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തിയിരിക്കുന്നത്. ടി 20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കേ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
Read More: സഞ്ജുവിൻറെ വരവ് കാത്ത് ആരാധകർ; ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20 ഇന്ന്
57 ടെസ്റ്റിലും 168 ഏകദിനത്തിലും 55 രാജ്യാന്തര ട്വന്‍റി 20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ രവീന്ദ്ര ജഡേജ. ടെസ്റ്റിൽ 232 ഉം ഏകദിനത്തിൽ 188 ഉം ടി 20 യിൽ 46 ഉം വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 2195 ഉം ഏകദിനത്തില്‍ 2411 ഉം രാജ്യാന്തര ടി 20 യില്‍ 256 ഉം റണ്‍സ് ജഡേജയ്‌ക്കുണ്ട്. ഐപിഎല്ലിലാവട്ടെ 200 മത്സരങ്ങളില്‍ 2386 റണ്‍സും 127 വിക്കറ്റും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Jadeja back in team