അണിയറയിൽ ഒരുങ്ങുന്നത് ‘റൈറ്റർ’, ഭീഷ്മ പർവ്വത്തിന്റെ സഹരചയിതാവ് സംവിധായകനാകുന്ന സിനിമയുടെ വിശേഷങ്ങളുമായി ജയസൂര്യ
മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ- ജയസൂര്യയ്ക്ക് ഈ വിശേഷണം കിട്ടിയിട്ട് നാളേറെയായി. മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിന്റെ സഹരചയിതാവ് രവിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ എത്തുന്നത്. റൈറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിസ്റ്ററി ഡ്രാമ വിഭാഗത്തിലാണ് ഒരുക്കുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ഷാഹി കബീറിന്റേതാണ് റൈറ്ററിന്റെ തിരക്കഥ.
മിമിക്രി വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ജയസൂര്യ. ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കിയ ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച ജയസൂര്യയുടെതായി അവസാനം കാഴ്ചക്കാരിലേക്ക് എത്തിയത് സണ്ണിയാണ്. കൊവിഡ് കാലത്ത് ക്വാറന്റീനിൽ കഴിയേണ്ടി വരുന്ന സണ്ണി എന്ന വ്യക്തിയും അയാൾ കടന്നുപോകുന്ന മാനസീക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്.
താരത്തിന്റേതായി മറ്റനേകം ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ച മേരി ആവാസ് സുനോയാണ് റിലീസിനൊരുങ്ങുന്ന ഒരു ചിത്രം. അത്തരത്തിൽ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് ജോൺ ലൂഥർ. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്. ഈശോ, കത്തനാർ തുടങ്ങിയ ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story highlights; Jayasurya latest film Writer