രക്ഷകനായി കെ.എൽ.രാഹുൽ; പക്ഷെ ഇത്തവണ കളിക്കളത്തിലല്ല ജീവിതത്തിൽ

February 23, 2022

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്സ്മാന്മാരിലൊരാളാണ് കെ.എൽ.രാഹുൽ. പലപ്പോഴും ഇന്ത്യൻ ടീമിന്റെ പല മത്സരങ്ങളിലും രക്ഷകനായി രാഹുൽ അവതരിക്കാറുണ്ട്. കുറെയേറെ മത്സരങ്ങളിൽ രാഹുലിന്റെ തോളിൽ ഇന്ത്യൻ ടീം ജയിച്ചു കയറിയിട്ടുമുണ്ട്. പക്ഷെ ഇത്തവണ ജീവിതത്തിൽ നായകനായി അവതരിച്ചാണ് രാഹുൽ വാർത്തകളിൽ നിറയുന്നത്. രാഹുൽ നടത്തിയ ഒരു ജീവകാരുണ്യ പ്രവർത്തനമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

അപൂർവരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 വയസ്സുകാരന്റെ രക്ഷകനായാണ് കെ.എൽ.രാഹുൽ മാറിയത്. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുകയായ 35 ലക്ഷം രൂപയിൽ 31 ലക്ഷവും കെ.എൽ. രാഹുൽ സംഭാവനയായി നൽകി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാരുണ്യമതികളുടെ സഹായം അഭ്യർഥിച്ചത്. ഇതു രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടതാണു വഴിത്തിരിവായത്. 5–ാം ക്ലാസ് വിദ്യാർഥിയായ വരദ് കഴിഞ്ഞ സെപ്റ്റംബർ മുതൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമായിരുന്നു കുട്ടിക്ക്.

Read More: ഒരിക്കൽ മാത്രം കൂടെ അഭിനയിക്കേണ്ട നടി ആരാവണമെന്ന് പറഞ്ഞു; കെപിഎസി ലളിതയുടെ ഓർമകളിൽ നടൻ ഇന്നസെന്റ്

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതുമൂലം വരദിന്റെ രോഗ പ്രതിരോധ ശക്തിയും വളരെ കുറവായിരുന്നു. ചെറിയ പനിപോലും സുഖപ്പെടാൻ മാസങ്ങൾ വേണ്ടിവന്നിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ വരദ് സുഖം പ്രാപിച്ചുവരുന്നു.

“ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിൽ അതിയായ സന്തോഷമുണ്ട്. കുട്ടി സുഖമായിരിക്കുന്നു. വളരെ വേഗം കളിക്കളത്തിലേക്കു മടങ്ങിയെത്തി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ അവനു സാധിക്കട്ടെ. എന്റെ ഈ സംഭാവനയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, ആവശ്യക്കാർക്കു സഹായം എത്തിച്ചു നൽകുന്നതിനായി കൂടുതൽ പേർ മുന്നിട്ടിറങ്ങട്ടെ” – കെ.എൽ. രാഹുൽ പ്രതികരിച്ചു.

Story Highlights: KL Rahul helps an 11 year old boy