‘ന്നാ താൻ കേസ് കൊട്’; രതീഷ് പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

February 26, 2022

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. വളരെയേറെ ജനപ്രിയമായ ചിത്രങ്ങൾക്ക് ശേഷമുള്ള സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്.’ ചിത്രത്തിന്റെ ഷൂട്ടിംഗ് കാസർഗോഡ് ചെറുവത്തൂരിൽ ആരംഭിച്ചു.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെയും സഹനിർമാതാവാണ് സന്തോഷ് ടി. കുരുവിള.

എം. രാജഗോപാലൻ എം.എൽ.എ, നിർമ്മാതാവ് സന്തോഷ് ടി. കുരുവിള, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി പ്രമീള, കുഞ്ചാക്കോ ബോബൻ, സംവിധായകൻ രതീഷ് പൊതുവാൾ, ഛായാഗ്രാഹകൻ രാകേഷ് ഹരിദാസ്, ഗായത്രി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമ്മവും പൂജയും നിർവഹിച്ചത്.

Read More: ‘മന്ത്രമില്ലാതെ മായകളില്ലാതെ..’- ‘മിന്നൽ മുരളി’യുടെ സൂപ്പർ പവർ ഗാനം

കുഞ്ചാക്കോ ബോബനോടൊപ്പം ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യ ബാലന്റെ ‘ഷെർനി’ അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. മനോജ് കണ്ണോത്ത് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുമ്പോൾ ഡോൺ വിൻസെന്റാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ഏപ്രിൽ അവസാനം ചിത്രീകരണം അവസാനിക്കുന്ന ചിത്രം ജൂലൈ ആദ്യവാരമാണ് റിലീസ് ചെയ്യുന്നത്.

Story Highlights: Kunchakko Boban new movie shooting begins