“ജസ്റ്റ് വൗ”; ഗെഹരായിയാനെ പ്രശംസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായി ആഘോഷിക്കപ്പെടുന്നയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. കഴിഞ്ഞ ദശകത്തിൽ മലയാള സിനിമകളെ ദേശീയ തലത്തിലും ആഗോള തലത്തിലും പ്രശസ്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്. പുതുതലമുറയിലെ ഏറ്റവും മികച്ച ഇന്ത്യൻ സംവിധായകരിൽ ഒരാളായ ലിജോയുടെ സിനിമകളെ മണി രത്നം, അനുരാഗ് കശ്യപ് അടക്കമുള്ള പ്രമുഖ സംവിധായകർ പ്രശംസിച്ചു സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഈയടുത്ത് ഒടിടി റിലീസായി പുറത്തു വന്ന ഹിന്ദി ചിത്രം ഗെഹരായിയാനെ പ്രശംസിച്ച് ലിജോ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
“ജസ്റ്റ് വൗ” എന്നാണ് ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായ ഗെഹരായിയാനെ പ്രശംസിച്ച് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മുൻപും പല സിനിമകളെ കുറിച്ചുമുള്ള തന്റെ അഭിപ്രായം ലിജോ ജോസ് പെല്ലിശ്ശേരി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അവയൊക്കെ വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
ശകുന്‍ ഭത്ര സംവിധാനം ചെയ്ത ഗെഹരായിയാന്‍ ദീപികയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. സിനിമയെ പറ്റിയും ദീപിക പദുക്കോണിന്റെ അഭിനയത്തെ പറ്റിയും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടേയും നിരൂപകരുടെയും ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.
Read More: ‘ഹൃദയം’ ഹോട്ട്സ്റ്റാറിലേക്ക്; ഒടിടി റിലീസ് ഫെബ്രുവരി 18 ന്
ഫെബ്രുവരി 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് ഗെഹരായിയാന്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ അലീ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. ദീപികയോടൊപ്പം സിദ്ധാന്ത് ഛദുര്വേദി, അനന്യ പാണ്ഡേ, ധരിയ കര്‍വ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Story Highlights: Lijo Jose Peliisserry praises ‘Gehraiyaan’