‘ഹൃദയം’ ഹോട്ട്‌സ്റ്റാറിലേക്ക്; ഒടിടി റിലീസ് ഫെബ്രുവരി 18 ന്

February 13, 2022

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം.’ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ഹൃദയത്തിന് ലഭിച്ചത്. പ്രണവ് മോഹൻലാലിൻറെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഒരു സവിശേഷതയായി പ്രേക്ഷകർ എടുത്ത് പറഞ്ഞിരുന്നത്. ഇത് വരെ കാണാത്ത ഒരു പ്രണവിനെയാണ് ഹൃദയത്തിൽ കണ്ടതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടിരുന്നു.

തിയേറ്ററുകളിൽ ആവേശമായി മാറിയ ഹൃദയം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ഓൺലൈൻ റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 18 മുതല്‍ ഹൃദയം ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ്ങ് ആരംഭിക്കും.

അതേസമയം ഹൃദയം പ്രണവ് മോഹന്‍ലാലിന്റെ സോളോ ഹിറ്റാണെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പ്രണവ് എന്ന നടനെ പൂർണമായും ഉപയോഗപ്പെടുത്തിയ സിനിമയാണ് ഹൃദയമെന്നും പ്രണവ് അല്ലാതെ മറ്റൊരു നടനെ ഈ കഥാപാത്രമായി സങ്കൽപ്പിക്കാൻ പോലും തനിക്കും സംവിധായകൻ വിനീത് ശ്രീനിവാസനും കഴിഞ്ഞിട്ടില്ലെന്നും വിശാഖ് വ്യക്തമാക്കി.

Read More: കല്ല്യാണ പാട്ടിനൊപ്പം താളമിട്ട് ദുല്‍ഖർ സൽമാൻ; ഒപ്പം സണ്ണി വെയിനും സൈജു കുറുപ്പും- വിഡിയോ

ജനുവരി 21നാണ് ഹൃദയം തിയേറ്ററില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിയിലും ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനായ ചിത്രം കൂടിയാണ് ഹൃദയം.

Story Highlights; Hridayam ott release