അന്നത്തെ കൈകുഞ്ഞ് വളർന്ന് വലുതായി; വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും മാറ്റമില്ലാതെ മമ്മൂട്ടി, കൗതുകമായി സേതുരാമയ്യരുടെ ചിത്രങ്ങൾ
റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം സിബിഐയുടെ അഞ്ചാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തോടുള്ള സ്നേഹവും കാത്തിരിപ്പും അറിയിച്ചുകൊണ്ടുള്ള നിരവധി സിനിമ പ്രേമികളുടെ ചിത്രങ്ങളും കമന്റുകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിബിഐ സീരീസിലെ ആദ്യ ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ 1988 ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗമായ ‘സിബിഐ 5 ദ ബ്രെയ്ൻ’ 2022 ലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴുള്ള സ്വന്തം ചിത്രവും ഇപ്പോഴത്തെ ചിത്രവും, അതിനൊപ്പം ഈ രണ്ടു കാലഘട്ടങ്ങളിലെ മമ്മൂട്ടിയുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഒരു ഫോട്ടോകൊളാഷാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗം ഇറങ്ങുമ്പോൾ കൈക്കുഞ്ഞായിരുന്ന ആൾ സിനിമയുടെ അഞ്ചാം ഭാഗം ഇറങ്ങുമ്പോൾ 33 കാരനായ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. എന്നാൽ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മമ്മൂട്ടി അതുപോലെ തന്നെയുണ്ടെന്നുള്ളത് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ചിത്രം. ബാലതാരമായി സിനിമയിൽ എത്തിയ ജോമോൻ ജോഷിയാണ് ഇരു കാലഘട്ടങ്ങളിലെ ചിത്രങ്ങളും ഒന്നിച്ചുകൊണ്ടുള്ള കൊളാഷ് പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരയാണ് സിബിഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. അതേസമയം സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നതിന്റെ ആവേശവും പ്രേക്ഷകരിൽ ഇരട്ടിയാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്.
Story highlights: Mammootty cbi look goes trending