“ഈ ചിത്രത്തിന്റെ ഭാഗമായതിന് നന്ദി, നിങ്ങൾക്ക് നൽകുന്ന ആദരമാണ് ഈ സമ്മാനങ്ങൾ”; വൈറലായി മമ്മൂട്ടിയുടെ കത്ത്

February 21, 2022

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള സംവിധായകന്റെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയോടൊപ്പം ഒന്നിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അടുത്തയിടെ വലിയ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി തന്നെ നിർമിക്കുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം നടൻ മമ്മൂട്ടി ലിജോയ്ക്ക് അയച്ച ഒരു കത്താണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ലിജോ തന്നെയാണ് കത്ത് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി തനിക്ക് നന്ദി പറഞ്ഞയച്ച കത്താണ് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. “നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍” എന്നാണ് കത്തില്‍ കുറിച്ചിരുന്നത്.

കഴിഞ്ഞ വർഷം നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിര്‍മിക്കുമ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എസ്. ഹരീഷാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നേരത്തെ ലിജോയുടെ തന്നെ ‘ജല്ലിക്കട്ട്’, ‘ചുരുളി’ തുടങ്ങിയ ചിത്രങ്ങളുടെയും രചന നിർവഹിച്ചത് എസ്. ഹരീഷ് തന്നെയായിരുന്നു.

Read More: ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട..’- ആറാട്ടിലെ ഹിറ്റ് രംഗം പങ്കുവെച്ച് മോഹൻലാൽ

അതേസമയം അമൽ നീരദിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ.

Story Highlights: Mammootty’s letter gone viral