‘ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട..’- ആറാട്ടിലെ ഹിറ്റ് രംഗം പങ്കുവെച്ച് മോഹൻലാൽ

February 21, 2022

കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആണ്. ബോക്സ് ഓഫിസിൽ ചലനം സൃഷ്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ നായകനായ ചിത്രം. ആക്ഷൻ കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ആർ ഡി ഇല്യൂമിനേഷൻസും എംപിഎം ഗ്രൂപ്പും ചേർന്ന് നിർമ്മിച്ച ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ്‌, നേഹ സക്‌സേന, അശ്വിൻ കുമാർ, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്നു. എ ആർ റഹ്മാൻ ഒരു അതിഥി വേഷത്തിൽ ചിത്രത്തിലുണ്ട്.

ഇപ്പോഴിതാ, സിനിമയിലെ ഒരു ഹിറ്റ് രംഗം പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നമുക്ക് വേണ്ട..’ എന്നാരംഭിക്കുന്ന ഹിറ്റ് ഡയലോഗാണ് താരം പറയുന്നത്. ഒപ്പം നടി ശ്രദ്ധ ശ്രീനാഥും ഉണ്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Read Also: ദിനോസറുകളുടെ കാലം മുതലുള്ള പ്ലാറ്റിപാസുകൾ, ഭൂമിയിലെ ഏറ്റവും വ്യത്യസ്തമായ ജീവി വംശനാശഭീഷണിയിൽ

അതേസമയം, മോഹൻലാൽ ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. താരം സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന ബറോസിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഇപ്പോൾ.  ഹോളിവുഡ് സ്റ്റൈലിലാണ് ബറോസിന്റെ ലൊക്കേഷൻ ഒരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്നത് മോഹൻലാലാണ്.  ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്.

Story highlights- A sneak peek in to Neyattinkara Gopan’s Aaraattu