പഞ്ചാബ് കിംഗ്സിന് നായകനായി; കിംഗ്സിനെ ഇത്തവണ മായങ്ക് അഗർവാൾ നയിക്കും

February 28, 2022

മാർച്ച് 26 ന് ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാനിരിക്കെ ടീമിന്റെ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. മായങ്ക് അഗർവാളിനെയാണ് ഇത്തവണ ടീമിനെ നയിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത പുറത്തു വന്നത്.

പഞ്ചാബ് കിംഗ്സിന്ന്‍റെ നായകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു. താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ രണ്ട് താരങ്ങളിലൊരാളാണ് മായങ്ക്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത പഞ്ചാബ് കിംഗ്‌സിനെ ഇതിഹാസ സ്‌പിന്നറും ടീം ഇന്ത്യയുടെ മുന്‍ കോച്ചുമായ അനില്‍ കുംബ്ലെയാണ് പരിശീലിപ്പിക്കുന്നത്. കുംബ്ലെ സ്‌പിന്‍ താരങ്ങളുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുമ്പോള്‍ ഡാമിയന്‍ റൈറ്റാണ് പേസ് ബൗളിംഗ് കോച്ച്. ജോണ്ടി റോഡ്‌സ് ഫീല്‍ഡിംഗ് കോച്ചും ബാറ്റിംഗ് പരിശീലകനുമായി എത്തുന്നു. ഐപിഎല്‍ 2022 സീസണിന് മുന്നോടിയായുള്ള മെഗാലേലത്തില്‍ മികച്ച താരങ്ങളെ എത്തിക്കാനായതിന്‍റെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്. 2014 ലാണ് പഞ്ചാബ് ടീം അവസാനമായി ഫൈനല്‍ കളിച്ചത്.

മെഗാ താരലേലത്തിൽ മികച്ച ഒരു കൂട്ടം താരങ്ങളെയാണ് പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, തമിഴ്‌നാട്ടിൽ നിന്നുള്ള ഷാരൂഖ് ഖാന്‍, ഇംഗ്ലീഷ് താരങ്ങളായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ജോണി ബെയര്‍സ്റ്റോ, വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്‌മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസർ മെഷീന്‍ കാഗിസോ റബാഡ തുടങ്ങിയവരെയാണ് മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായമായ രാജ് ബാവയും പഞ്ചാബിലുണ്ട്. താരലേലത്തിന് മുമ്പ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, പേസര്‍ അര്‍ഷ്‌ദീപ് സിംഗ് എന്നിവരെ മാത്രമാണ് പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തിയിരുന്നത്.

Read More: പരമ്പര തൂത്തുവാരി ഇന്ത്യ; റെക്കോർഡ് നേട്ടം സ്വന്തമാക്കി നായകൻ രോഹിത് ശർമ്മ

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് ഐപിഎലിനായി കാത്തിരിക്കുന്നത്. നേരത്തെ ഐപിഎല്ലിന്റെ പുതുക്കിയ തീയതികളും വേദികളും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26 നാണ് ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക.

Story Highlights: Mayank Agarwal becomes punjab kings captain