ചൂടുകാലത്ത് പഴങ്ങൾ കഴിക്കുമ്പോൾ, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

February 27, 2022

സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടിത്തുടങ്ങി. ചൂടുകാലത്ത് ഏറെ കാര്യങ്ങളിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം ഭക്ഷണകാര്യം തന്നെയാണ്. ഈ കാലഘട്ടത്തിൽ ഭക്ഷണത്തില്‍ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. കാര്യം നല്ലതുതന്നെ. വേനല്‍ക്കാലത്ത് പഴങ്ങള്‍ ധാരാളമായി കഴിക്കുന്നത് ഏറെ ഗുണകരവും ഒപ്പം ആരോഗ്യകരവുമാണ്. ചൂടുകാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഈ അവസ്ഥയെ ചെറുക്കാനും ഒരു പരിധി വരെ പഴവര്‍ഗങ്ങള്‍ സഹായിക്കുന്നു.

അതേസമയം ധാരാളം കീടനാശിനികളും വിഷാംശങ്ങളുമൊക്കെ നിറഞ്ഞ പഴവര്‍ഗങ്ങളാണ് പലപ്പോഴും വിപണികളില്‍ നിന്നും നമുക്ക് ലഭിക്കാറുള്ളത്. ഇത്തരം പഴവര്‍ഗങ്ങള്‍ ഒരുപക്ഷെ ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും നമ്മുടെ ആരോഗ്യത്തിന്. കീടനാശിനികള്‍ നിറഞ്ഞ പഴവര്‍ഗങ്ങള്‍ അമിതമായി കഴിയ്ക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

പഴങ്ങളെ കീടനാശിനികളില്‍ നിന്നും വിമുക്തമാക്കുന്നതിന് വീടുകളില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ഉപ്പ് ഇട്ട വെള്ളത്തില്‍ പഴങ്ങള്‍ കഴുകുന്നത് വിഷാംശത്തെ ഇല്ലായ്മ ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. മുന്തിരി, ആപ്പിള്‍, പേരയ്ക്ക, മാമ്പഴം തുടങ്ങിയ ഫലവര്‍ഗങ്ങള്‍ ഉപ്പു ലായനിയില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം ശുദ്ധ വെള്ളത്തില്‍ കഴുകി വേണം ഉപയോഗിക്കാന്‍.

Read also: ഹൃദയവും ബാഗിലാക്കി നടക്കുന്ന യുവതി, പോരാട്ടങ്ങളുടെ കഥ പറഞ്ഞ് സെൽവ

വൈറ്റ് വിനാഗിരിയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം സ്പ്രേ ബോട്ടിലിലാക്കി പഴങ്ങളില്‍ തളിക്കുന്നതും കീടനാശിനികളുടെ അംശത്തെ പഴവര്‍ഗങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ സഹായിക്കും. തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുന്ന പഴങ്ങളും ശുദ്ധജലത്തില്‍ കഴുകിയ ശേഷം ഭക്ഷിക്കുന്നതാണ് നല്ലത്. ബേക്കിങ് സോഡ ചേര്‍ത്ത വെള്ളത്തില്‍ പഴവര്‍ഗങ്ങള്‍ കഴുകുന്നതും വിഷാംശത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

Story highlights: Method to remove pesticides from fruits