ഐപിഎൽ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു; പുതുക്കിയ തീയതികൾ പ്രഖ്യാപിച്ച് ബിസിസിഐ

February 25, 2022

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റാണ് ഐപിഎൽ. ആരാധകർക്കും കായികപ്രേമികൾക്കും സന്തോഷം നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ ബിസിസിഐ പുറത്തുവിട്ടത്. ഐപിഎല്ലിന്റെ പുതുക്കിയ തീയതികളും വേദികളുമാണ് ഇപ്പോൾ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26 ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക.

ഈ മാസം മാർച്ച് 29 ന് ഐപിഎൽ തുടങ്ങാനായിരുന്നു നേരത്തെയുള്ള തീരുമാനം. പുതുക്കിയ ഫിക്‌സ്ചര്‍ പ്രകാരം മേയ് 29-നാണ് ഫൈനല്‍. ഇത്തവണ പത്ത് ടീമുകള്‍ ഐപിഎല്ലിന് ഉള്ളതിനാല്‍ മത്സരങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് സീസണിൽ ഉണ്ടാവുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കുമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കുമ്പോൾ 15 വീതം മത്സരങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. ഇത്തവണ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിർദേശം കൂടി തേടിയിട്ടേ അവസാന തീരുമാനമുണ്ടാവൂ.

Read More: ‘ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..’;കുതിരവട്ടം പപ്പുവിന്റെ ഓർമ്മകൾക്ക് മുൻപിൽ മകൻ

2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിന് ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല. നേരത്തെ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ കളിപ്പിക്കരുതെന്ന് മറ്റു ടീമുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights: New dates for IPL