15 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ ദാസ് സിനിമയിലേക്ക്
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്. ഈ പറക്കും തളികയിലെ ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. വിവാഹശേഷം സിനിമയിൽ നിന്നും വിടവാങ്ങിയെങ്കിലും കുടുംബ വിശേഷങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഇപ്പോഴിതാ, 15 ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി.
‘പള്ളിമണി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യ ദാസ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. പ്രശസ്ത കലാസംവിധായകൻ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’യിൽ ശ്വേത മേനോനും നിത്യ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിത്യ ദാസും കൈലാഷുമാണ് ചിത്രത്തിൽ ജോഡികളായി അഭിനയിക്കുന്നത്. ഒരു പഴയ പള്ളിയിൽ കുടുങ്ങിപ്പോകുമ്പോഴുള്ള സംഭവങ്ങളൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. സിനിമയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്.
Read Also: ചിരിപടർത്തി രസികൻ വഴക്കുമായി പൃഥ്വിരാജും കല്യാണിയും- ‘ബ്രോ ഡാഡി’യിലെ രംഗം
2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.
Story highlights- Nithya Das to make a comeback into films