മമ്മൂട്ടിയുടെ അമുദനെ ഹൃദയത്തിലേറ്റിയ സിനിമ ആസ്വാദകർക്ക് പുതിയ ചിത്രവുമായി റാം; നായകനായി നിവിൻ പോളി

ഹൃദയത്തിൽ ഒരു നീറ്റൽ ബാക്കിവെച്ചുകൊണ്ടായിരുന്നു സംവിധായകൻ റാം പേരൻപ് എന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം നിർവഹിച്ച പേരൻപ് ഓട്ടിസ്റ്റിക്കായ ഒരു മകളുടെയും അവളെ നോക്കാൻ ബുദ്ധിമുട്ടുന്ന ഒരു അച്ഛന്റയും കഥയാണ് പറഞ്ഞത്. ഇപ്പോഴിതാ പേരൻപിന് ശേഷം പുതിയ ചിത്രം ഒരുക്കുകയാണ് സംവിധായകൻ റാം. റാം ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിവിൻ പോളി ആണ്.
ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നിവിൻ പോളിയിപ്പോൾ. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചതായാണ് നിവിൻ പോളി പങ്കുവയ്ക്കുന്നത്. റാമിനും നടൻ സൂരിക്കുമൊപ്പമുളള ചിത്രവും നിവിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി നിവിനൊപ്പം എത്തുന്നുണ്ട്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
കട്രത് തമിഴ്, തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം ഒരുക്കിയ ചിത്രമായിരുന്നു പേരൻപ്. ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ. അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.
വൈകാരികമായി ആഘാതമേല്‍പ്പിക്കുന്ന കഥയും കഥാപാത്രങ്ങളുമായി ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമായിരുന്നു പേരൻപ്. നിരവധി ചലച്ചിത്രമേളകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. പേരൻപിന് ശേഷം പുതിയ ചിത്രവുമായി റാം എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.