ടി 20 വൈസ് ക്യാപ്റ്റനായി പന്ത്; ഭാവിതീരുമാനങ്ങളെ പറ്റി സൂചന നൽകി സെലക്ഷന്‍ പാനല്‍

February 15, 2022

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പര തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ സുപ്രധാന തീരുമാനവുമായി സെലക്ഷന്‍ പാനല്‍. ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനും കൂടിയായ ഋഷഭ് പന്തിനെ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.

പരിക്കേറ്റ കെ.എല്‍ രാഹുലിന് വിന്‍ഡീസ് പരമ്പര നഷ്ടമാകുന്ന സാഹചര്യത്തിലാണ് ബിസിസിഐ പന്തിനെ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. കാലിലെ പേശികള്‍ക്കേറ്റ പരിക്ക് കാരണമാണ് രാഹുലിന് കളിക്കാന്‍ സാധിക്കാത്തത്. ടീമിന്റെ ഭാവി നായകന്‍മാരില്‍ ഒരാളെന്ന തരത്തില്‍ പന്തിന്റെ പേര് ഇതിനോടകം തന്നെ പറഞ്ഞുകേള്‍ക്കുന്നതാണ്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഇപ്പോള്‍ പന്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

നേരത്തെ ഇതിഹാസതാരമായ സുനിൽ ഗാവസ്‌കർ അടക്കം പന്ത് ഭാവിയിൽ ക്യാപ്റ്റനാവാൻ യോഗ്യതയുള്ള താരമാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെ മികച്ച രീതിയിൽ നയിക്കുന്നതും പന്തിനെ പരിഗണിക്കാൻ സെലക്ഷന്‍ പാനലിനെ പ്രേരിപ്പിച്ചിരിക്കാം. മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 16-ന് കൊല്‍ക്കത്തയിലാണ്.

Read More: എൺപതാം വയസിൽ മണിമണിയായി ഇംഗ്ലീഷ് പഠിച്ചെടുത്തും പറഞ്ഞും ഒരു കാശ്മീരി മുത്തശ്ശി- പ്രചോദനമായൊരു കാഴ്ച

അതെ സമയം കുറച്ച് നാളുകൾക്ക് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ തീരുമാനത്തിന്റെ കാരണങ്ങൾ കോഹ്ലി അറിയിച്ചിരുന്നില്ലെങ്കിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാവാം അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് കരുതുന്നവരാണ് കൂടുതലും.

Story Highlights: Rishabh Panth is T-20 vice captain